വുഹാനില്‍ നിന്നും തിരിച്ചെത്തിയ കാസർകോട് ജില്ലയിലെ ഒരു വിദ്യാർഥിക്ക് കൂടി നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി. ഞായറാഴ്ച വരെ 104 സാമ്പിളുകള്‍ പരിശോധന നടത്തിയതില്‍ തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ രണ്ട് വിദ്യാർഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. ഇതോടെ സംസ്ഥാനത്ത് മൂന്ന് പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കൂടുതൽ പേർക്ക് വൈറസ് ബാധയുണ്ടാകാൻ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി. കൊറോണബാധിതരായി സമ്പർക്കം പുലർത്തിയവരെ നിരീക്ഷിച്ചു വരികയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.