ഭൂട്ടാൻ കാർ കടത്ത്: മുഖ്യസൂത്രധാരൻ പിടിയിൽ; കേരളത്തിലേക്ക് കടത്തിയത് 200ഓളം വാഹനങ്ങൾ

ഭൂട്ടാൻ കാർ കടത്ത്: മുഖ്യസൂത്രധാരൻ പിടിയിൽ; കേരളത്തിലേക്ക് കടത്തിയത് 200ഓളം വാഹനങ്ങൾ

കൊച്ചി: സിനിമാ താരങ്ങളും പ്രമുഖരും കുടുങ്ങിയ കാർ കള്ളക്കടത്തു കേസിലെ മുഖ്യ ആസൂത്രകൻ പിടിയിൽ. ബംഗാൾ ജൽപായ്‌‌ഗുഡി സ്വദേശി ബിസ്വദീപ് ദാസാണ് കസ്റ്റംസിന്റെ പിടിയിലായത്. ഭൂട്ടാൻ അതിർത്തിയിൽ വച്ചാണ് ഇയാളെ കസ്റ്റംസ് അറസ്റ്റുചെയ്‌‌തത്. കഴിഞ്ഞവർഷം സെപ്‌‌തംബർ 23-ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ ഓപ്പറേഷൻ നുംഖോറിലൂടെയാണ് തട്ടിപ്പിന്റെ മുഖ്യകണ്ണിയെ കസ്റ്റംസ് കുടുക്കിയത്. ഇതിന്റെ ഭാഗമായി മലപ്പുറം കോഴിക്കോട്,​ തൊണ്ടയാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് 15 ആഡംബര കാറുകൾ അധികൃതർ പിടിച്ചെടുത്തിരുന്നു.

ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ചതും മറ്റുമായ വാഹനങ്ങൾ ഇന്ത്യയിലെത്തിച്ച് വൻവിലയ്ക്ക് വിറ്റഴിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം രാജ്യവ്യാപകമായി നുംഖോർ എന്ന പേരിട്ട് ഓപ്പറേഷൻ ആരംഭിച്ചത്.

മലപ്പുറം വെട്ടിച്ചിറ ഷോറൂമിൽ നിന്ന് 13 കാറുകളും,​ കുറ്റിപ്പുറം,​ കോഴിക്കോട്,​ തൊണ്ടയാട് എന്നിവിടങ്ങളിൽ നിന്ന് ഓരോ വാഹനങ്ങൾ വീതവുമാണ് പിടിച്ചെടുത്തത്. ഭൂട്ടാനിൽ നിന്നും ലേലത്തിൽ പിടിച്ചെടുത്തതും മോഷ്‌‌ടിച്ചതുമായ വാഹനങ്ങളാണ് കേരളത്തിലേക്ക് പ്രധാനമായും കടത്തിയിരുന്നത്. ലേലത്തിൽ ഒരു ലക്ഷം രൂപയിൽ താഴെ വിലയ്‌‌ക്ക് ലഭിക്കുന്ന വാഹനങ്ങൾ വാങ്ങി കേരളത്തിലെത്തിച്ച് വൻ തുകയ്ക്ക് വിൽക്കുകയായിരുന്നു രീതി.

കടത്തിക്കൊണ്ടുവന്ന 200-ഓളം വാഹനങ്ങളിൽ മോഷ്ടിച്ച കാറുകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഇവ വേർതിരിച്ച് ഓരോ കേസും പ്രത്യേകമായി അന്വേഷിക്കാനാണ് ഉദ്യോഗസ്ഥകരുടെ തീരുമാനം. അന്താരാഷ്ട്ര തലത്തിലേക്ക് കേസ് വ്യാപിച്ചതോടെ ഭൂട്ടാൻ റോയൽ കസ്റ്റംസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കടത്തിക്കൊണ്ടുവന്ന വാഹനങ്ങൾ ഭൂട്ടാൻ സർക്കാർ കണ്ടുകെട്ടാൻ തയ്യാറായാൽ, ആവശ്യമായ നിയമസഹായം നൽകുന്നതിനെക്കുറിച്ച് ഇന്ത്യൻ കസ്റ്റംസ് ആലോചിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *