കൊച്ചി: ജനപ്രിയ ചാനലായ സീ കേരളം സീരിയൽ പ്രേമികൾക്കായി വൈകാരികമുഹൂർത്തങ്ങൾ കോർത്തിണക്കി ഒരു പരമ്പര ഒരുക്കുന്നു. ഒരു അമ്മയുടെയും മകളുടെയും നിർമ്മലസ്നേഹത്തിന്റെ കഥപറയുന്ന “അമ്മ മകൾ” ഇന്നു മുതൽ പ്രേക്ഷകരുടെ സ്വീകരണമുറികളിലെത്തും. അമ്മയും മകളും തമ്മിലുള്ള മനോഹരമായ ബന്ധവും അവരുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആകസ്മികമായ വഴിത്തിരിവുകളുമാണ് സീരിയലിന്റെ പ്രധാന കഥാതന്തു.
ബോഡിഗാർഡ്, ഗുലുമാൽ, കാവലൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി മിത്ര കുര്യൻ ഒരു ഇടവേളയ്ക്കു ശേഷം സംഗീത എന്ന ശക്‌തമായ സ്ത്രീ കഥാപാത്രമായി പ്രേക്ഷകർക്ക് മുൻപിലേക്ക് തിരിച്ചെത്തുകയാണ്. പതിവ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി സീരിയലിലെ അമ്മ കഥാപാത്രമായാണ് മിത്ര കുര്യന്റെ തിരിച്ചു വരവ്. മകളെ നിരുപാധികം സ്നേഹിക്കുകയും അവൾക്ക് വേണ്ടി സ്വന്തം ആഗ്രഹങ്ങൾ ത്യജിക്കുകയും മകളുടെ സന്തോഷത്തിന് പ്രഥമസ്ഥാനം നൽകുകയും ചെയ്യുന്ന അമ്മയാണ് സംഗീത എന്ന കഥാപാത്രം . ഒട്ടുമിക്ക ഹിറ്റ് സീരിയലുകളിലെയും ജനപ്രിയ മുഖമായ രാജീവ് റോഷൻ അച്ഛൻ കഥാപാത്രത്തിൽ എത്തുന്നു. അമ്മയെ ജീവനായിക്കാണുന്ന മകൾ അനുവായെത്തുന്നത് മരിയയാണ്. ശ്രീജിത്ത് വിജയ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംഗീതയും അനുവും അമ്മ-മകൾ എന്നതിലുപരി അടുത്ത സുഹൃത്തുക്കളായുമാണ് സീരിയലിൽ ചിത്രീകരിച്ചിരിക്കുന്നത്.
പ്രശസ്‌ത സംഗീത സംവിധായകൻ അൽഫോൻസ് ജോസഫിന്റെ സംഗീതത്തിൽ പിറന്ന “അമ്മ മകൾ” ടൈറ്റിൽ സോങ്ങും പ്രേക്ഷകർക്കിടയിൽ ഇതിനോടകം തന്നെ സ്ഥാനം നേടി. പിന്നണി ഗായകരായ ശ്വേത അശോകിന്റെയും അനു തോമസിന്റെയും സ്വരമാധുരിയിൽ “ജന്മങ്ങൾ തീരുവോളം അമ്മക്കുഞ്ഞേ” എന്ന് തുടങ്ങുന്ന ഗാനം കൂടുതൽ ഇമ്പമുള്ളതായി. “അമ്മ മകൾ” ഇന്ന് രാത്രി 9 മണി മുതൽ പ്രേക്ഷകരുടെ സ്വീകരണ മുറികളിൽ എത്തും. തിങ്കൾ മുതൽ വ്യാഴം വരെ ആണ് ‘അമ്മ മകൾ സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുക.