കൊച്ചി: സ്വന്തം മേഖലകളില്‍ മികവുറ്റ പ്രകടനത്തിലൂടെ മാതൃക സൃഷ്ടിച്ച വനിതകളെ ആദരിക്കുന്നതിന് ഇസാഫ് കോഓപറേറ്റീവ് ഏര്‍പ്പെടുത്തിയ സ്ത്രീ രത്‌ന ദേശീയ പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 25 വരെ നാമനിര്‍ദേശം സമര്‍പ്പിക്കാം. പ്രതികൂല സാഹചര്യങ്ങളെ ചെറുത്തു തോല്‍പ്പിച്ച് തൊഴില്‍ രംഗത്തും സമൂഹത്തിലും സ്വന്തമായി ഒരിടം കണ്ടെത്തുകയും ജനങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുകയും ചെയ്ത വനിതകള്‍ക്കാണ് പുരസ്‌ക്കാരം നല്‍കുന്നത്. അവാര്‍ഡ് ബ്രോഷര്‍ ഇസാഫ് കോഓപറേറ്റീവ് ചെയര്‍മാന്‍ മെറീന പോള്‍ പ്രകാശനം ചെയ്തു.
സ്ത്രീ ശാക്തീകരണം, വിദ്യാഭ്യാസം, സാമൂഹിക സേവനം, സുസ്ഥിര ഉപജീവനം, ലിംഗ സമത്വം, ആരോഗ്യം, കായികം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയാണ് പുരസ്‌ക്കാരത്തിന് പരിഗണിക്കുന്നത്. പുരസ്‌ക്കാരത്തിന് അര്‍ഹതയുള്ള വനിതകളെ മറ്റുള്ളവര്‍ക്കും നാമനിര്‍ദേശം ചെയ്യാം. വാര്‍പ്പുമാതൃകകളെ പൊളിച്ചെഴുതി സമൂഹത്തില്‍ മാറ്റത്തിന്റെ ചാലകശക്തികളായി വര്‍ത്തിക്കുന്ന സാധാരണക്കാരായ വനിതകള്‍ക്കുള്ള അംഗീകാരമാണ് ഇസാഫ് സ്ത്രീ രത്ന പുരസ്‌ക്കാരം. ആഴക്കടല്‍ മത്സ്യബന്ധന ലൈസന്‍സ് നേടിയ ഇന്ത്യയിലെ ആദ്യ വനിതയായ രേഖാ കാര്‍ത്തികേയനാണ് കഴിഞ്ഞ വര്‍ഷം പ്രഥമ ഇസാഫ് സ്ത്രീ രത്ന പുരസ്‌ക്കാരം നേടിയത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. http://esafcooperative.in/