തൃശൂര്‍: ഭിന്നശേഷിക്കാരും രോഗബാധിതരുമായ കുട്ടികളെ സഹായിക്കാന്‍ പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്‌കൂളിലെ ഒരു കൂട്ടം കലാ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ഡിസൈന്‍ സാരികളുടെ പ്രദര്‍ശനവും വിതരണ മേളയും തിങ്കളാഴ്ച സ്‌കൂളില്‍ നടന്നു. സാഹിത്യ അക്കാദമി അധ്യക്ഷന്‍ വൈശാഖന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പമുഖ ഫാഷന്‍ ഡിസൈനര്‍ അജ്ഞലി വര്‍മയും ഹരിശ്രീ സ്‌കൂളും സഹകരിച്ചാണ് ‘വീവിങ് സമൈല്‍സ്’ എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പരിപാടി സംഘടിപ്പിച്ചത്. അജ്ഞലി വര്‍മ ഒരുക്കിയ ഡിസൈന്‍ സാരികള്‍ക്ക് മാറ്റു കൂട്ടി ഹരിശ്രീ സ്‌കൂളിലെ കൊച്ചു കലാകാരന്മാര്‍ ചിത്രം വരച്ചാണ് വിതരണത്തിന് തയാറാക്കിയത്.
സ്‌കൂളിലെ തിരഞ്ഞെടുത്ത 60 വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രകലയില്‍ പ്രത്യേക പരിശീലനവും നല്‍കിയിരുന്നു. പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് ഡിസൈനര്‍ സാരികളില്‍ തങ്ങളുടെ സര്‍ഗാത്മക രചന നടത്തിയത്. രണ്ടു ലക്ഷത്തിലേറെ രൂപ ഇതുവഴി സമാഹരിച്ചു. ലഭിച്ച മുഴുവന്‍ തുകയും ഭിന്നശേഷിക്കാരും മാരക രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവരുമായ കുട്ടികളുടെ ദുരിതാശ്വാസ, പുനരധിവാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന സൊലേസിനു കൈമാറി. ഹരിശ്രീ വിദ്യാ നിധി സ്‌കൂള്‍ സ്ഥാപക നളിനി ചന്ദ്രന്‍, സുഷമ നന്ദകുമാര്‍, സൊലേസ് സ്ഥാപക ഷീബ അമീര്‍ എന്നിവരും പങ്കെടുത്തു. പ്രിന്‍സിപ്പല്‍ ജയ നാഗരാജന്‍ അധ്യക്ഷത വഹിച്ചു.
കുട്ടികളില്‍ മാനവികതയും മനുഷ്യസ്‌നേഹവും വളര്‍ത്തുന്നതില്‍ ഹരിശ്രീ സ്‌കൂള്‍ എന്നും മുന്നിലാണെന്നും ഇത്തരം ഉദ്യമങ്ങളിലൂടെ ലക്ഷ്യമിടുന്നത് അതാണെന്നും നളിനി ചന്ദ്രന്‍ പറഞ്ഞു. ദുരിതം പേറുന്ന കുട്ടികള്‍ക്കു കൈത്താങ്ങാകാനും വിദ്യാര്‍ത്ഥികളില്‍ ഉയര്‍ന്ന സാമൂഹിക ബോധം വളര്‍ത്തുന്നതിനും ഹരിശ്രീ വിദ്യാ നിധി സ്‌കൂള്‍ നടത്തുന്ന ശ്രമങ്ങള്‍ ഏറെ ശ്ലാഖനീയമാണെന്ന് ഡിസൈന്‍ മേള ക്യൂറേറ്റ് ചെയ്ത അജ്ഞലി വര്‍മ പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികളുടെ പാഠ്യ-പാഠ്യേതര ആവശ്യങ്ങള്‍ക്കു വേണ്ടി ധന സമാഹരണത്തിന് മുന്നോട്ടു വന്ന ഹരിശ്രീ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന് മാതൃകയാണെന്ന് ഷീബ അമീര്‍ പറഞ്ഞു.