മോഹൻലാലിന്റെ വാലിബൻ അവതരിക്കുന്നത് രണ്ട് ഭാഗങ്ങളിൽ !?

Estimated read time 0 min read

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. സൂപ്പർ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ഈ മാസം ഇരുപത്തിയഞ്ചിനാണ്‌ റിലീസ് ചെയ്യാൻ പോകുന്നത്. ഒരു മലയാള സിനിമക്ക് കിട്ടുന്ന ഏറ്റവും വലിയ റിലീസ് ആയാണ് മലൈക്കോട്ടൈ വാലിബൻ ആഗോള തലത്തിൽ റിലീസ് ചെയ്യുക. കേരളത്തിലെ അറുനൂറോളം സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം ലോകമെമ്പാടും അൻപതോളം രാജ്യങ്ങളിലാണ് പ്രദർശനത്തിനെത്തുക.

അമേരിക്ക, ബ്രിട്ടൻ, കാനഡ, ഗൾഫ് എന്നീ മാർക്കറ്റുകളിൽ ഒരു മലയാള സിനിമക്ക് ലഭിക്കുന്ന ഏറ്റവും വലിയ റിലീസ് ലഭിക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങും ആരംഭിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചുള്ള ഒരു വമ്പൻ വാർത്തയാണ് പുറത്തു വരുന്നത്. രണ്ട് ഭാഗങ്ങളിൽ ആയാവും മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്യുക എന്നതാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്.

ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും, ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന വാർത്താ സമ്മേളനത്തിൽ ഈ ചോദ്യത്തിന് രണ്ടാം ഭാഗം ഉണ്ടെന്നോ, ഇല്ലെന്നോ മറുപടി പറയാതെ, ആദ്യം ചിത്രത്തിന്റെ റിലീസ് കഴിയട്ടെ എന്ന ഉത്തരമാണ് അണിയറ പ്രവർത്തകരിൽ നിന്നും ലഭിച്ചത്. അത്കൊണ്ട് തന്നെ ഇതിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ഉറപ്പിക്കാമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

മോഹൻലാൽ കൂടാതെ സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി, ഹരികൃഷ്ണൻ, സുചിത്ര നായർ തുടങ്ങിയവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്

You May Also Like

More From Author