പുതിയ ചരിത്രം കുറിക്കുമോ ? മെഗാസ്റ്റാറിന്റെ “ഭ്രമയുഗം”

Estimated read time 0 min read

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഭ്രമയുഗം ഈ വരുന്ന ഫെബ്രുവരി പതിനഞ്ചിനാണ്‌ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഭൂതകാലത്തിലൂടെ കയ്യടി നേടിയ രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ഹൊറർ ത്രില്ലർ ചിത്രം, ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്.

അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽദ ലിസ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ ഒരുക്കിയത് പ്രശസ്ത സാഹിത്യകാരനായ ടി ഡി രാമകൃഷ്ണനാണ്. ഞെട്ടിക്കുന്ന ലുക്കിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ട ഇതിന്റെ പോസ്റ്ററുകൾ വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. നര കയറിയ മുടിയും താടിയും കാതിൽ കടുക്കനും നഗ്നമായ മേൽ ശരീരവും മാലയും കറ പിടിച്ച പല്ലുകളുമായി, അക്ഷരാർത്ഥത്തിൽ അവിശ്വസനീയമായ മേക്കോവറിലാണ് മമ്മൂട്ടി ഇതിൽ പ്രത്യക്ഷപ്പെട്ടത്.

ഇപ്പോഴിതാ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഓവർസീസ് റിലീസിന് ഒരുങ്ങുകയാണ് ഈ ചിത്രമെന്ന വാർത്തകളാണ് വരുന്നത്. ഇതിനോടകം തന്നെ യു കെ, ജോർജിയ, പോളണ്ട്, ഫ്രാൻസ്, ജർമ്മനി, മാൾട്ട എന്നിവിടങ്ങളിൽ ഈ ചിത്രം റിലീസ് ഉറപ്പിച്ചു കഴിഞ്ഞു. മലയാളം കൂടാതെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും റിലീസ് പ്ലാൻ ചെയ്യുന്ന ഈ ചിത്രം പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിലാണ് തീയേറ്ററുകളിൽ എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ഷെഹനാദ് ജലാൽ ദൃശ്യങ്ങളൊരുക്കിയ ഭ്രമയുഗത്തിന് സംഗീതമൊരുക്കിയത് ക്രിസ്റ്റി സേവ്യർ, എഡിറ്റ് ചെയ്തിരിക്കുന്നത് ഷഫീക്ക് മുഹമ്മദ് അലി എന്നീ സാങ്കേതിക പ്രവർത്തകരാണ്.

You May Also Like

More From Author