പാലക്കാട് കൂറ്റനാട് മരണയോട്ടം നടത്തിയ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി തുടങ്ങി. ആദ്യ ഘട്ട നടപടിയുടെ ഭാഗമായി പട്ടാമ്പി ജോയിന്റ് ആര്‍ടിഒ ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ ഇരുവരും വിശദീകരണം നല്‍കണം.
ഏഴ് ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണം എന്നാണ് നിര്‍ദേശം. ബസ് ഉടന്‍ ജോയിന്റ് ആര്‍ടിഒ ഓഫിസില്‍ ഹാജരാക്കാന്‍ ഉടമയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബസില്‍ വേഗപ്പൂട്ട് ഉണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കും. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ഗുരുവായൂര്‍ റൂട്ടില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കും.
കൂറ്റനാട് ചാലിശ്ശേരിയില്‍ അമിത വേഗത്തിലെത്തിയ ബസ് സാന്ദ്ര എന്ന യുവതി തടഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. രാവിലെ സാന്ദ്ര റോഡിലൂടെ പോകുമ്പോള്‍ പുറകില്‍ നിന്ന് വന്ന ബസ് ഇടിച്ചു, ഇടിച്ചില്ല എന്ന മട്ടില്‍ കടന്നു പോകുകയായിരുന്നു. എതിരെ വന്ന ലോറിയെ കടന്നു പോകുന്നതിനിടെയാണ് ബസ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഈ അതിക്രമം ഉണ്ടായത്. കടന്നു പോകാനാകില്ല എന്ന് ഉറപ്പായിട്ടും ഡ്രൈവര്‍ നടത്തിയ അതിക്രമം മൂലം ചാലിലേക്ക് സാന്ദ്രയ്ക്ക് വാഹനം ഇറക്കേണ്ടി വന്നു. വാഹനം ഒതുക്കിയെങ്കിലും, തുടര്‍ന്ന് ഒന്നര കിലോമീറ്ററോളം പിന്തുടര്‍ന്ന് സാന്ദ്ര ബസിനെ മറികടന്ന് തടഞ്ഞിടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പട്ടാമ്പി ജോയിന്റ് ആര്‍ടിഒ നടപടി ആരംഭിച്ചത്.