മടിച്ചുനിന്ന മഴ തിമിര്‍ത്തു പെയ്തതോടെ സംസ്ഥാനം വീണ്ടും പ്രളയഭീതിയില്‍. വടക്കന്‍ ജില്ലകളില്‍ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയില്‍ വന്‍ നാശനഷ്ടമാണ് സംഭവിച്ചത്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലെല്ലാം ശക്തമായ മഴയും കാറ്റും തുടരുകയാണ്. മേഖലയിലെ മലയോര പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ രൂക്ഷമാണ്. ചിലയിടങ്ങളില്‍ ഉരുള്‍പ്പൊട്ടലും ഉണ്ടായിട്ടുണ്ട്.
സംസ്ഥാനത്ത് ഇതുവരെ 29 ദുരിതാശ്വാസ ക്യാന്പുകള്‍ തുറന്നിട്ടുണ്ട്. 1,385 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ജില്ലാ ഭരണകൂടങ്ങള്‍ മാറ്റിപ്പാര്‍ച്ചു. ജലാശയങ്ങളെല്ലാം കരകവിഞ്ഞത് ഒഴുകുന്നത് കനത്ത ആശങ്ക പരത്തുന്നുണ്ട്. ഡാമുകളിലും വന്‍ തോതില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.