കൊച്ചി: ഞായറാഴ്ച കൊച്ചിയിൽ നടന്ന താര സംഘടനായ ‘അമ്മ’യുടെ യോഗത്തിലെ ചർച്ചകൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച നടൻ ഷമ്മി തിലകനെതിരെ നടപടിക്ക് സാധ്യതയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
യോഗ ചർച്ചകൾ ഷമ്മി ഫോണിൽ ചിത്രീകരിക്കുന്നത് കണ്ട മറ്റൊരു താരം വിവരം ഭാരവാഹികളെ ധരിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഷമ്മിക്കെതിരെ നടപടി വേണമെന്ന് അംഗങ്ങളിൽ ചിലർ ആവശ്യപ്പെടുകയുമുണ്ടായി.
ഇതേ തുടർന്ന് അടുത്ത് ചേരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ച ചെയ്യാനാണ് തീരുമാനം.മോഹൻലാലും, മമ്മൂട്ടിയും അടക്കമുള്ള താരങ്ങൾ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കേണ്ടെന്ന അഭിപ്രായവും ജനറൽ ബോഡി യോഗത്തിൽ ഉയർന്നതായാണ് സൂചന.യോഗത്തിൽ ഷമ്മി തിലകന് താക്കീത് നൽകുകയും ചെയ്തിരുന്നു.നേരത്തെ അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പിൽ ഷമ്മിയുടെ നോമിനേഷൻ തള്ളിയതിനെതിരെ രൂക്ഷ വിമർശനവുമായി താരം തന്നെ രംഗത്തെത്തിയിരുന്നു.ഇതിന് പിന്നാലെയാണ് അടുത്ത വിവാദം.