ചെറുപയർ അടുക്കളയിൽ ഉണ്ടോ, എന്നാൽ ഇനി ബ്രേക്ക് ഫാസ്റ്റിനൊപ്പമുള്ള ചമ്മന്തിപ്പൊടി ഹെൽത്തിയും ടേസ്റ്റിയുമാക്കാം. ഔഷധമായും ഭക്ഷണമായും ഉപയോഗിക്കുന്ന ചെറുപയർ പ്രോട്ടീനിന്റെ കലവറയാണ് . കൂടാതെ വിവിധ വിറ്റാമിനുകൾ, അന്നജം, നാരുകൾ, കാൽസ്യം, മഗ്നീഷ്യം, സോഡിയം എന്നിവയും പച്ചപയറുമണികളിൽ അടങ്ങിയിട്ടുണ്ട്. ഇത്രയും ഹെൽത്തിയായ ചെറുപയറുകൊണ്ട് ടേസ്റ്റി ചമ്മന്തിപ്പൊടി ഉണ്ടാക്കാൻ ഇനി ഒട്ടും വൈകിക്കേണ്ട.
ആവശ്യമുള്ള സാധനങ്ങൾ
ചെറുപയർ -1/2 കപ്പ്
ഉഴുന്നുപരിപ്പ് – 2 ടീസ്പൂൺ
തേങ്ങ -2 ടേബിൾസ്പൂൺ
കുരുമുളക് – 8 എണ്ണം
ഉണക്കമുളക് – 10 എണ്ണം
വാളൻപുളി – ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ
ഇഞ്ചി – ഒരു ചെറിയ കഷണം
ചെറിയ ഉള്ളി – 3 എണ്ണം
കറിവേപ്പില, ഉപ്പ്
ചെറുപയർ കഴുകി വൃത്തിയാക്കി വെള്ളം മുഴുവനായി കളയുക. ശേഷം ചുവടു കട്ടിയുള്ള പാത്രത്തിൽ ചെറുപയർ, ഉഴുന്നുപരിപ്പ് ,കുരുമുളക് എന്നിവ നന്നായി വറക്കുക. പകുതിലധികം ബ്രൗൺ നിറമാകുമ്പോൾ പുളി ,ഉപ്പ് എന്നിവ ഒഴികെയുള്ള ചേരുവകൾ അതിലേക്കു ചേർത്ത് നന്നായി വീണ്ടും ചൂടാക്കുക .തേങ്ങ ഗോൾഡൻ ബ്രൗൺ കളർ വരുന്നത് വരെ ചൂടാക്കണം .ഇനി ഇതിലേക്ക് വാളൻപുളി ,പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി സ്റ്റൗവിൽ ഓഫ് ചെയ്യാം. ചൂട് ആറിയതിനു ശേഷം മാത്രം മിക്സിയിൽ ഇട്ടു പൊടിച്ചെടുക്കാം. ചെറുപയർ ചമ്മന്തിപ്പൊടി വായു കടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിക്കാൻ മറക്കരുത്.