സമര്‍ഥരായ ബിരുദ, പി.ജി. വിദ്യാര്‍ഥികള്‍ക്ക് രണ്ടുമാസം ദൈര്‍ഘ്യമുള്ള ഗവേഷണാധിഷ്ഠിത സമ്മര്‍ ഫെലോഷിപ്പില്‍ പങ്കെടുക്കാം. കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ ജവാഹര്‍ലാല്‍ നെഹ്രു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ച് (ജെ.എന്‍.സി. എ.എസ്.ആര്‍.) ബെംഗളൂരു ആണ് ഫെലോഷിപ്പ് നല്‍കുന്നത്.
യോഗ്യത : അപേക്ഷാര്‍ഥിക്ക് 10, 12 ക്ലാസുകളില്‍ മാത്തമാറ്റിക്സ്, സയന്‍സ് വിഷയങ്ങളില്‍ 80 ശതമാനം മാര്‍ക്കുവേണം. ബിരുദ/പി.ജി. (ബാധകമായത്) തലത്തില്‍ ഫസ്റ്റ് ക്ലാസ് വേണം. വിഷയത്തിനനുസരിച്ച് ബി.എസ്‌സി., ബി. എസ്., ബി.ഇ., ബി.ടെക്., എം.എസ്‌സി., ഇന്റഗ്രേറ്റഡ് എം.എസ്‌സി., ബി. എസ്.-എം.എസ്. പ്രോഗ്രാമുകളുടെ വിവിധ വര്‍ഷങ്ങളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.
വിഷയങ്ങള്‍: തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്ഥാപനത്തിലെ ഗവേഷണ ഗ്രൂപ്പുകളുമായോ, രാജ്യത്ത് മറ്റു കേന്ദ്രങ്ങളിലുള്ള ശാസ്ത്രജ്ഞരുമായോ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും. ലൈഫ് സയന്‍സസ്, മെറ്റീരിയല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ്, എന്‍ജിനീയറിങ് സയന്‍സസ്, മാത്തമാറ്റിക്സ് എന്നിവയിലാണ് അവസരമുള്ളത്.
പ്രതിമാസം 10,000 രൂപ സ്റ്റൈപ്പന്‍ഡ്, യാത്രാച്ചെലവ് എന്നിവ പ്രവേശനം നേടുന്നവര്‍ക്ക് ലഭിക്കും. അപേക്ഷാ ഫോം www.jncasr.ac.in/fe/srfp.php -ല്‍നിന്നും ഡിസംബര്‍ ആറിനകം ഡൗണ്‍ലോഡു ചെയ്തെടുക്കണം.പൂരിപ്പിച്ച അപേക്ഷാഫോറം അനുബന്ധരേഖകള്‍സഹിതം ഡിസംബര്‍ 13-നകം ‘ദി അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍, ഫെലോഷിപ്‌സ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ പ്രോഗ്രാംസ്, ജവാഹര്‍ലാല്‍ നെഹ്രുസെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ച്, ബെംഗളൂരു 560064’ എന്ന വിലാസത്തില്‍ കിട്ടണം.ഫെബ്രുവരി 28-ഓടെ തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക പ്രസിദ്ധപ്പെടുത്തും.