ഗുരു അല്ലെങ്കില്‍ ടീച്ചര്‍ തൻറെ ശിഷ്യര്‍ ജയിക്കണമെന്നാഗ്രഹിക്കും. നല്ല വിദ്യാര്‍ത്ഥികളാകട്ടെ ടീച്ചര്‍ ജയിക്കണമെന്ന് ആഗ്രഹിക്കുന്നു. ഇന്ത്യയിലെ ഗുരുശിഷ്യ ബന്ധത്തിൻറെ വിചിത്രവും അനന്യവുമായ സ്വഭാവമിതാണ്. തൻറെ ചെറിയ മനസ്സ് വിജയിക്കുകയാണെങ്കില്‍ അത് ദുരിതത്തിന് കാരണമാകുമെന്ന് ശിഷ്യന് അറിയാം .എന്നാല്‍ ഗുരുവിൻറെ വിജയം മഹാമനസ്സിൻറെ വിജയമാണ്, ജ്ഞാനത്തിൻറെ വിജയമാണ്. ഇത് എല്ലാവര്‍ക്കും നന്മയും ആനന്ദവുമാണ് പ്രദാനം ചെയ്യുക. ഇത് ആരോഗ്യകരമായ പ്രവണതയാണ്. കാരണം ഗുരുവിനേക്കാള്‍ അറിവ് തനിക്കുണ്ടെന്ന് ശിഷ്യന് തോന്നിക്കഴിഞ്ഞാല്‍ അതിൻറെ അര്‍ത്ഥം പഠനം അവസാനിച്ചു എന്നും അയാളുടെ അഹങ്കാരം ജ്ഞാനത്തെ ഹനിച്ചു എന്നുമാണ്.
ഒരു അദ്ധ്യാപകന് ആവശ്യമായ മറ്റൊരു ഗുണമാണ് ക്ഷമ. വിദ്യാര്‍ത്ഥി പഠനത്തില്‍ പിന്നോക്കമായിരിക്കാം. എന്നാല്‍ ക്ഷമയുള്ള ടീച്ചര്‍ക്ക് കുട്ടിയെ ഉയര്‍ച്ചയിലേക്കെത്തിക്കുവാന്‍ കഴിയും. മാതാപിതാക്കള്‍ക്ക് ഒന്നോ രണ്ടോ കുട്ടികളുടെ കാര്യം നോക്കിയാല്‍ മതി. എന്നാല്‍ ക്ലാസ്സില്‍ നിരവധി കുട്ടികളുടെ കാര്യമാണ് ടീച്ചര്‍ക്ക് ശ്രദ്ധിക്കേണ്ടത്. ഈ സാഹചര്യം വളരെയധികം പരീക്ഷണങ്ങളും പിരിമുറുക്കങ്ങളും ഉളവാക്കുന്നതാണ്. ഇത് നേരിടാന്‍ നിങ്ങള്‍ക്ക് കേന്ദ്രീകരണം ആവശ്യമാണ്. കുട്ടികള്‍ നിങ്ങളെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുന്നു എന്നതിനാല്‍ നിങ്ങള്‍ അവര്‍ക്കു മാതൃകയാകണം. മൂല്യങ്ങളില്‍ പകുതി മാത്രമാണ് അവര്‍ മാതാപിതാക്കളില്‍ നിന്ന് പഠിക്കുന്നത്. ബാക്കിയെല്ലാം ടീച്ചര്‍മാരില്‍ നിന്നാണ്. നിങ്ങള്‍ ചെയ്യുകയും പറയുകയും ചെയ്യുന്ന എല്ലാം അവര്‍ ശ്രദ്ധിക്കും. നിങ്ങളുടെ ശാന്തതയും സമാധാനവും പിരിമുറുക്കങ്ങളും കോപവും എല്ലാം അവര്‍ നിരീക്ഷിക്കും. വിദ്യാര്‍ത്ഥി എവിടെ നിന്നാണ് വരുന്നതെന്നും എങ്ങനെ കുട്ടിയെ പടിപടിയായി നയിക്കണമെന്നും അധ്യാപകര്‍ അറിഞ്ഞിരിക്കണം.
ഭഗവാന്‍ കൃഷ്ണന്‍ നല്ല ഒരാദ്ധ്യാപകനായിരുന്നു. പരമമായ ലക്ഷ്യത്തിലേക്ക് അദ്ദേഹം അര്‍ജ്ജുനനെ പടിപടിയായി നയിച്ചു. തുടക്കത്തില്‍ അര്‍ജ്ജുനന് ആശയക്കുഴപ്പമായിരുന്നു. വിദ്യാര്‍ത്ഥി വളരുംതോറും കൂടുതല്‍ കൂടുതല്‍ ആശയക്കുഴപ്പം നേരിടും. കാരണം അയാളുടെ ധാരണകള്‍ കീറിമുറിക്കപ്പെടുകയാണ്. സൂര്യന്‍ കിഴക്കുദിക്കും എന്നാണു നിങ്ങള്‍ ആദ്യം പഠിക്കുക. പിന്നീടാണ് ഗ്രഹങ്ങളെക്കുറിച്ചും അവയുടെ ചലനങ്ങളെക്കുറിച്ചും പഠിക്കുന്നത്. അപ്പോള്‍ നിങ്ങളുടെ ധാരണകള്‍ പൊട്ടിച്ചിതറും. ഇതറിയുന്ന നല്ല അദ്ധ്യാപകന്‍ കുട്ടികളെ ഈ ആശയക്കുഴപ്പത്തിലൂടെ നയിക്കുന്നു. വേണ്ടിടത്ത് അദ്ദേഹം ആശയക്കുഴപ്പങ്ങള്‍ സൃക്ഷ്ടിക്കുകയും ചെയ്യും. അദ്ധ്യാപകന് ഒരേസമയം സ്‌നേഹവും കാര്‍ക്കശ്യവും വേണം വളരെ സ്‌നേഹമുള്ള ടീച്ചര്‍മാരെയും കര്‍ക്കശക്കാരായ ടീച്ചര്‍മാരെയും നിങ്ങള്‍ കാണാറുണ്ട്. കാര്‍ക്കശ്യവും സ്‌നേഹവും ഒരുമിക്കുന്ന നേര്‍ത്ത ഒരു സമന്വയമാണ് എന്ന് അറിയാന്‍ കഴിയും.
വിപ്ലവസ്വഭാവമുള്ള ചില കുട്ടികളുണ്ടാകും. അവര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം വേണം .ഇടക്കിടെ അവരെ തോളില്‍ തട്ടി അഭിനന്ദിക്കണം. തങ്ങള്‍ സ്‌നേഹിക്കപ്പെടുന്നു എന്ന തോന്നല്‍ അവര്‍ക്ക് ഉണ്ടാകണം .അവരോട് നിങ്ങള്‍ക്ക് കരുതലുണ്ടെന്നും നിങ്ങള്‍ക്കവരോട് സ്വാത്മബോധമുണ്ടെന്നും (belongingness ) അവര്‍ അറിയണം. അതേസമയം, ലജ്ജാലുക്കളായ കുട്ടികളോട് അല്‍പ്പം കാര്‍ക്കശ്യമാകാം. അങ്ങനെ അവരെ എഴുന്നേറ്റു നിന്ന് സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കാവുന്നതാണ്. പലപ്പോഴും മറിച്ചതാണ് സംഭവിക്കുക. ടീച്ചര്‍മാര്‍ വിപ്ലവകാരികളായ കുട്ടികളോട് കര്‍ക്കശക്കാരാകും. ലജ്ജാലുക്കളോടുള്ള പെരുമാറ്റത്തില്‍ അയവ് വരുത്തുകയും ചെയ്യും. അങ്ങനെയാകുമ്പോള്‍ കുട്ടികളുടെ പെരുമാറ്റം മാറുകയില്ല. കാര്‍ക്കശ്യവും മാധുര്യവും നിങ്ങള്‍ക്ക് ആവശ്യമാണ്. കുട്ടിക്ക് വിദ്യാഭ്യാസം നല്‍കുന്നത് സമഗ്രമായ കാഴ്ചപ്പാടിലൂടെയായിരിക്കണം. അല്ലാതെ കുട്ടിയുടെ തലയില്‍ വിവരം കുത്തിനിറക്കുന്ന രീതിയിലാകരുത്. ക്ലാസ്സില്‍ വരികയും ചില പാഠങ്ങള്‍ പഠിക്കുകയും ചെയ്യുന്നതല്ല ശരിയായ വിദ്യാഭ്യാസം. ശരീരവും മനസ്സും തമ്മില്‍ ബന്ധമുണ്ട്. എന്നാല്‍ നിങ്ങള്‍ കുട്ടിയുടെ ശരീരത്തിന്റെയും മനസ്സിന്റെയും സമ്പൂര്‍ണ്ണ വികസനത്തിലേക്കായിരിക്കണം നമ്മുടെ ശ്രദ്ധ. സ്വാത്മബോധം പങ്കിടല്‍, സ്‌നേഹം, കരുതല്‍, അഹിംസ തുടങ്ങിയ മൂല്യങ്ങള്‍ ശരീരത്തിനും മനസ്സിനും വേണ്ടി സംസ്‌കരിച്ചെടുക്കണം. മാനുഷികമൂല്യങ്ങള്‍ എന്ന ആശയത്തെ ഇതിന്റെ അടിസ്ഥാനത്തില്‍ വേണം പടുത്തുയര്‍ത്താന്‍.