മമ്മൂട്ടിയുടെ കരിയറിലെ വമ്പൻ ഹിറ്റുകളിലൊന്നായ വല്യേട്ടൻ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്

Estimated read time 1 min read

മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ വമ്പൻ ഹിറ്റുകളിലൊന്നായ വല്യേട്ടൻ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്. 24 വര്‍ഷങ്ങള്‍ക്ക് ശേഷം റീ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ റീ റിലീസ് ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. 4k അറ്റ്‌മോസ് മികവോടെയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. നവംബര്‍ 29നാണ് വല്യേട്ടന്റെ റീ റിലീസ്.

ആദ്യം റിലീസ് ചെയ്ത സമയത്ത് തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ ഈ ഷാജി കൈലാസ് മാസ് ചിത്രം രചിച്ചത് രഞ്ജിത് ആണ്. റീ റീലിസിലും ചിത്രം തീയേറ്റർ കുലുക്കും എന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. മമ്മൂട്ടി അവതരിപ്പിച്ച അറക്കല്‍ മാധവനുണ്ണിയെ ബിഗ് സ്‌ക്രീനില്‍ വീണ്ടും കാണാനാകുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.

മമ്മൂട്ടിയെ കൂടാതെ ശോഭന, സായ് കുമാര്‍, എന്‍.എഫ് വര്‍ഗീസ്, സിദ്ദീഖ്,മനോജ് കെ ജയന്‍ എന്നിവരാണ് വല്യേട്ടനില്‍ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. രഞ്ജിത്ത് തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് അമ്പലക്കര ഫിലിംസ് ആണ്. മോഹന്‍ സിത്താര ഗാനങ്ങളും സി രാജാമണി പശ്ചാത്തലസംഗീതവും ഒരുക്കിയ വല്യേട്ടന് വേണ്ടി ക്യാമറ ചലിപ്പിച്ചത് രവി വര്‍മനും എഡിറ്റിങ് നിര്‍വഹിച്ചത് എല്‍. ഭൂമിനാഥനുമാണ്. കാര്‍ത്തിക് ജോഗേഷ് ആണ് ഇപ്പോൾ വന്നിരിക്കുന്ന ഈ പുതിയ ടീസറിന്റെ എഡിറ്റിംഗ് നിർവഹിച്ചത്.

ഐ.വി ശശി – മമ്മൂട്ടി കൂട്ടുകെട്ടിന്റെ ആവനാഴി, ഭരതന്‍ ഒരുക്കിയ അമരം, ഹരിഹരൻ ഒരുക്കിയ ഒരു വടക്കൻ വീരഗാഥ എന്നീ ചിത്രങ്ങളും റീ റിലീസ് ചെയ്യാൻ പോവുകയാണ്. ജനുവരി മൂന്നിനാണ് ആവനാഴി റീ റിലീസ് ചെയ്യുക.

You May Also Like

More From Author