തൃശൂര്‍: വയനാട്ടിലെ ദുരിതബാധിത കുടുംബങ്ങളുടെ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നൽകുമെന്ന് കല്യാൺ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ടി.എസ്. കല്യാണരാമൻ അറിയിച്ചു.
കേരളത്തിൽ നിന്നുള്ള ഒരു കമ്പനി എന്ന നിലയിൽ, അപ്രതീക്ഷിതമായുണ്ടായ ഈ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും നമ്മുടെ സഹോദരങ്ങള്‍ കഷ്ടപ്പെടുന്നത് കാണുന്നത് ഹൃദയഭേദകമാണെന്ന് കല്യാണ്‍ ജൂവലേഴ്‌സ് മാനേജിങ് ഡയറക്‌ടർ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. വയനാട്ടിൽ നാശം വിതയ്ക്കുകയും നിരവധി ജീവനുകൾ അപഹരിക്കുകയും കുടുംബങ്ങളുടെ ഉപജീവനമാർഗം തടസ്സപ്പെടുത്തുകയും ചെയ്തു ഈ ദുരന്തം. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് നമ്മുടെ ചിന്തകളും പ്രാർത്ഥനകളും ദുരിതബാധിതർക്കൊപ്പമാണെന്നും തുടർന്നും അവർക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.