മലയാളികൾക്ക് എന്നും പ്രിയ്യപ്പെട്ട താരമാണ് ഉർവ്വശി.മലയാളത്തിലെ പോലെ തമിഴിലും ഉർവശിക്ക് നിരവധി ആരാധകരുണ്ട്. ഉർവശി അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത് മുന്താണി മുടിച്ച് എന്ന തമിഴ് സിനിമയിലൂടെയാണ്. കെ ഭാഗ്യരാജും ഉർവശിയുമാണ് സിനിമയിൽ പ്രധാനവേഷം ചെയ്തത്. സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനും ഭാഗ്യരാജ് തന്നെയായിരുന്നു.മുന്താണി മുടിച്ചിലെ ഓർമകൾ പങ്കുവെക്കുകയാണ് ഉർവശിയിപ്പോൾ. കെ ഭാഗ്യരാജിനൊപ്പം അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടി. ചേച്ചി കലാരഞ്ജിനിയാണ് ആ സിനിമയിൽ നായികയാകാനിരുന്നത്. ചേച്ചി എവിഎമ്മിലേക്ക് പോകാനിരിക്കെ ഞാൻ സ്കൂളിൽ നിന്ന് വന്നു. ഭാഗ്യരാജിനെ കാണാൻ പോകുകയാണെന്ന് അറിഞ്ഞപ്പോൾ ഞാനും വരുന്നെന്ന് പറഞ്ഞു.
അദ്ദേഹത്തിന്റെ കുമരി പെണ്ണിൻ ഉള്ളത്തിലേ എന്ന സിനിമ കണ്ട് ആരാധന തോന്നിയിരുന്നു. ചേച്ചിക്കും അമ്മയ്ക്കും ഒപ്പം ഞാനും പോയി. ഭാഗ്യരാജ് സാർ ചേച്ചിക്ക് ഡയലോഗ് കൊടുത്തു. ഞാനത് പിടിച്ച് വാങ്ങി വായിച്ചു. അദ്ദേഹം എന്നെ വഴക്ക് പറഞ്ഞപ്പോൾ ഞാൻ തിരിച്ച് കൊടുത്തു. അവിടെ നിന്നും തിരിച്ച് വന്ന ശേഷം ചേച്ചിക്ക് പകരം തന്നെയാണ് സിനിമയിലേക്ക് നായികയായി വിളിച്ചതെന്ന് ഉർവശി പറയുന്നുണ്ട്.അമ്മയും ഞാനുമാണ് വീണ്ടും പോയത്. ഭാഗ്യരാജ് സർ വന്ന് സീൻ പറഞ്ഞ് തന്നു. ഞാൻ ഭയപ്പെട്ട് ഡയലോഗ് വളരെ വേഗത്തിൽ പറഞ്ഞു. പക്ഷെ ഭാഗ്യരാജ് സാറുടെ മുഖത്ത് ചിരിയുണ്ടായിരുന്നു. ലൊക്കേഷനിൽ വന്ന ശേഷം എനിക്ക് തീരെ ഭയമില്ലാതായി. സിനിമയുടെ തിരക്കഥ പറഞ്ഞ് തരുമ്പോൾ തനിക്ക് ഉറക്കം വന്നിരുന്നെന്നും ആ പ്രായത്തിൽ അത്രയേ പക്വത ഉണ്ടായിരുന്നുള്ളൂ എന്നും ഉർവശി ഓർത്തു. 14ാം വയസ്സിലാണ് നടി ഈ സിനിമയിൽ അഭിനയിക്കുന്നത്.
മുന്താണി മുടിച്ചിന്റെ സിനിമാട്ടോഗ്രാഫർ അശോക് കുമാറിനൊപ്പമുള്ള രസകരമായൊരു സംഭവത്തെക്കുറിച്ചും ഉർവശി സംസാരിച്ചു. അശോക് കുമാർ സർ ഭക്ഷണം കഴിച്ച ശേഷം ഉറങ്ങും. നന്നായി കൂർക്കം വലിക്കും. ഒരിക്കൽ ഞാനും മറ്റ് കുട്ടികളും ടേപ് റെക്കോർഡറിൽ കൂർക്കം വലി റെക്കോഡ് ചെയ്തു. ഞാൻ എന്തോ വലിയ കാര്യം ചെയ്തെന്ന തോന്നലിലായിരുന്നു.അദ്ദേഹം ഉണർന്ന് ചായ കുടിക്കവെ ഞാൻ ടേപ്പ് റെക്കോർഡർ കാെടുത്ത് ഓൺ ചെയ്യാൻ പറഞ്ഞു. ഓൺ ചെയ്തപ്പോൾ ജനറേറ്ററിന്റെ ശബ്ദം പോലെ കൂർക്കം വലി. എന്താണിതെന്ന് അദ്ദേഹം ചോദിച്ചു. നിങ്ങൾ ഉറങ്ങുമ്പോൾ റെക്കോഡ് ചെയ്തതാണെന്ന് പറഞ്ഞു, അദ്ദേഹത്തിന് വല്ലാതെ ദേഷ്യം വന്നു.ഇതെല്ലാം നിനക്ക് നല്ല പോലെ അറിയാമല്ലേ എന്ന് ചോദിച്ച് വഴക്ക് പറഞ്ഞു. തന്റെ സുഹൃത്തായിരുന്ന വിജയലക്ഷ്മിയെ ഒറ്റയ്ക്ക് വിളിച്ച് ഇത് പോലെ ഒന്നും ചെയ്യരുത്, അവളുടെ കൂടെ കൂടരുത് എന്ന് പറഞ്ഞു. രണ്ട് മൂന്ന് ദിവസം വിജയലക്ഷ്മി എന്നോട് സംസാരിച്ചതേ ഇല്ല.