മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസിന്റെ സംവിധാനത്തിൽ 1995ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ദി കിംഗ്’. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ ഒന്നാണ് ചിത്രത്തിലെ ജോസഫ് അലക്‌സ് തേവള്ളിപറമ്പിൽ ഐഎഎസ്.
രഞ്ജി പണിക്കർ കഥയും തിരക്കഥയും രചിച്ച ചിത്രത്തിൽ മുരളി, വിജയരാഘവൻ, വാണി വിശ്വനാഥ്, കെബി ഗണേഷ് കുമാർ, രാജൻ പി ദേവ്, ദേവൻ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരന്നത്.
ചിത്രത്തിന്റെ 27ആം വാർഷികത്തിന്റെ വേളയിൽ ഷാജി കൈലാസ് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. മമ്മൂട്ട്യ്ക്കൊപ്പമുള്ള ചിത്രങ്ങളും സംവിധായകൻ പങ്കുവെച്ച കുറിപ്പും പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.
ദി കിങിന്റെ 27-ാം വാര്‍ഷികം മമ്മൂട്ടിക്കൊപ്പം ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഭാഗ്യവാനാണെന്ന് ഷാജി കൈലാസ് പറയുന്നു. രഞ്ജി പണിക്കര്‍ക്ക് എത്താന്‍ കഴിഞ്ഞില്ലെങ്കിലും അദ്ദേഹം തങ്ങളെ ഫോണില്‍ വിളിച്ചുവെന്നും ഷാജി കൈലാസ് കൂട്ടിച്ചേർത്തു.
‘ഏറ്റവും ധീരനും അദമ്യവുമായ ബ്യൂറോക്രാറ്റായ ജോസഫ് അലക്‌സ് ഐ എ എസ് ബിഗ് സ്‌ക്രീനില്‍ എത്തിയിട്ട് 27 വര്‍ഷം പിന്നിട്ടെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ഈ അവിസ്മരണീയ നിമിഷം ഇന്നും ജോസഫ് അലക്‌സിനെപ്പോലെ ശക്തനായ പ്രിയ മമ്മൂട്ടിക്കൊപ്പം ആഘോഷിക്കാന്‍ ഞാന്‍ ഭാഗ്യവാനാണ്. അവിടെ സാന്നിധ്യമറിയിക്കാന്‍ രഞ്ജി പണിക്കര്‍ക്ക് കഴിഞ്ഞില്ലെങ്കിലും അദ്ദേഹം ഞങ്ങളെ ഫോണില്‍ വിളിച്ചു.’ ചിത്രങ്ങൾക്കൊപ്പം ഷാജി കൈലാസ് കുറിച്ചു.