വിവാഹമോചനത്തിന് ശേഷം പ്രണയബന്ധങ്ങളുണ്ടായിരുന്നു” ഇപ്പോൾ ജോലിയും പണവുമില്ല; തെരുവുതോറും സോപ്പ് വിറ്റ് ജീവിക്കുന്നു; ഭക്ഷണം ഒരുനേരം’: നടി ഐശ്വര്യ

Estimated read time 1 min read

ബട്ടർഫ്ലൈസ്, നരസിംഹം, പ്രജ തുടങ്ങിയ ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ നായികയെത്തി മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നേടിയ നടിയാണ് ഐശ്വര്യ ഭാസ്‌കരൻ. ടെലിവിഷൻ സീരിയലുകളിലും ഐശ്വര്യ അഭിനയിച്ചിരുന്നു. തെന്നിന്ത്യൻ നടി ലക്ഷ്മിയുടെ മകൾ കൂടിയാണ് ഐശ്വര്യ. എന്നാൽ കുറച്ചുനാളുകളായി നടി വെള്ളിത്തിരയിൽ സജീവമല്ല. ഇപ്പോഴിതാ തനിക്ക് ജോലിയില്ലെന്നും പണമില്ലെന്നും തെരുവുകൾതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നതെന്നുമുള്ള വെളിപ്പെടുത്തൽ നൽകിയിരിക്കുകയാണ് ഐശ്വര്യ.

സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. ‘ജോലിയില്ല. പണമില്ല. തെരുവുതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. കടങ്ങളില്ല. എന്റെ കുടുംബത്തില്‍ ഞാന്‍ മാത്രമേയുള്ളൂ. മകള്‍ വിവാഹം കഴിഞ്ഞ് പോയി. എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ല. നാളെ നിങ്ങളുടെ ഓഫീസില്‍ ജോലി തന്നാല്‍ അതും ഞാന്‍ സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ ഞാന്‍ തിരികെപ്പോകും’- എന്നാണ് നടി ഗലാട്ട തമിഴിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

വിവാഹമോചനത്തെക്കുറിച്ചും നടി മനസ്സുതുറന്നു. 1994ലാണ് തന്‍വീര്‍ അഹമ്മദുമായി ഐശ്വര്യയുടെ വിവാഹം. എന്നാൽ മൂന്ന് വര്‍ഷത്തിനു ശേഷം ഇരുവരും വിവാഹമോചിതരായി. ‘വിവാഹമോചനം എന്നെ സംബന്ധിച്ച് അത്യാവശ്യമായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോഴേക്കും ഈ ബന്ധം ശരിയാകില്ലെന്ന് തോന്നിയിരുന്നു. കുഞ്ഞിന് ഒന്നരവയസ്സ് ആയപ്പോഴേക്കും പിരിഞ്ഞു. മുന്‍ഭർത്താവും അദ്ദേഹത്തിന്റെ ഭാര്യയുമായി നല്ല ബന്ധമാണ് തനിക്കുള്ളത്.

വിവാഹമോചനത്തിന് ശേഷം പ്രണയബന്ധങ്ങളുണ്ടായിരുന്നു. എന്നാല്‍ ഒന്നും ശരിയായില്ല. ചില പുരുഷന്‍മാര്‍ക്ക് ഐ ലവ് യൂ, എന്ന് പറഞ്ഞാല്‍ പിന്നെ നിയന്ത്രണങ്ങളായി. ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പോലും സമ്മതിക്കുകയില്ല. നമ്മള്‍ കാശ് മുടക്കി വാങ്ങിയ വസ്ത്രം ഇടാന്‍ സാധിക്കില്ലെന്നോ, പോടാ എന്ന് പറയും. ചുംബനരംഗങ്ങളിലും ശരീരം കാണിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് അഭിനയിച്ചതിലും അതൃപ്തിയുണ്ട്’- ഐശ്വര്യ പറഞ്ഞു.

‘പുരുഷന്മാർ എന്തിനാണ് കാമുകിയിലും ഭാര്യയിലും അമ്മ സങ്കല്‍പ്പങ്ങള്‍ തേടുന്നത്. അമ്മയെപ്പോലെ വേണമെങ്കില്‍, നിങ്ങള്‍ അമ്മയുടെ അടുത്ത് തന്നെ പോകണം. അത് ഭാര്യയില്‍ പ്രതീക്ഷിക്കരുത്’- എന്നും ഐശ്വര്യ പറയുന്നു.

ഇത്ര സിനിമകൾ ചെയ്ത പ്രതിഫലവും സമ്പാദ്യവുമൊക്കെ എന്തു ചെയ്തു? എന്ന അവതാരകയുടെ ചോദ്യത്തിന്, “അതെല്ലാം ആ സമയത്ത് തന്നെ ചെലവായി പോയി. അതല്ലെങ്കിൽ വലിയ വിജയം വരണം, എനിക്കൊന്നും അതുപോലെ വിജയം വന്നിട്ടില്ല. മൂന്നു വർഷത്തിലൊരിക്കൽ മാത്രം സിനിമ കിട്ടിയാൽ പിന്നെ എന്തു സേവിംഗ് ഉണ്ടാകും?” എന്നായിരുന്നു ഐശ്വര്യയുടെ മറുപടി.

“മദ്യപാനത്തിലോ അല്ലെങ്കിൽ എനിക്കു വേണ്ടിയോ ചെലവഴിട്ടില്ല എന്റെ കാശ് പോയത്. ഞാൻ എന്റെ കുടുംബത്തിനു വേണ്ടിയാണ് പണം ചെലവഴിച്ചത്. എന്റെ കരിയർ ഗ്രാഫ് മൂന്നു വർഷമാണ്, ഞാൻ തുടങ്ങി മൂന്നുവർഷത്തിനകത്ത് എന്റെ കല്യാണം കഴിഞ്ഞു. അതോടെ ഞാൻ സിനിമ വിട്ടുപോയി. രണ്ടാം ചാൻസിൽ വന്ന് ഹിറോയിൻ ആവാൻ എല്ലാവർക്കും നയൻതാരയുടെ ഗ്രാഫ് വരില്ലല്ലോ.

“എനിക്കെന്റെ മകൾക്ക് ഏറ്റവും നല്ല കാര്യങ്ങൾ നൽകണമെന്നുണ്ട്. അതിനായി സ്വതന്ത്രമായി അധ്വാനിക്കുന്നു. എനിക്കൊരു യൂട്യൂബ് ചാനൽ ഉണ്ട്, പിന്നെ ഈ സോപ്പ് വിൽപ്പനയുമുണ്ടല്ലോ,” മകൾക്ക് താൻ വളരെ ഇൻഡിപെൻഡന്റായി ജീവിക്കുന്നതിൽ തന്നെയോർത്ത് അഭിമാനമേയുള്ളൂവെന്നും ഐശ്വര്യ പറഞ്ഞു.

അമ്മ ലക്ഷ്മിയുമായി എന്താണ് പ്രശ്നമെന്ന ചോദ്യത്തിനും ഐശ്വര്യ മറുപടി നൽകി. “ഞങ്ങൾക്കിടയിൽ അത്ര വലിയ പ്രശ്നമൊന്നുമില്ല. ഞാൻ ചെറുപ്പത്തിൽ തന്നെ വളരെ ഇൻഡിപെൻഡന്റ് ആണ്. പാട്ടി എന്നോട് പറഞ്ഞിട്ടുണ്ട്, എന്റെ അമ്മ കഷ്ടപ്പെട്ട് സമ്പാദിച്ചതാണ് എല്ലം. ഒന്നും പൂർവികമായി കിട്ടിയ സ്വത്തല്ല, ജീവിതത്തിൽ നേടിയതൊക്കെ അവർ കഷ്ടപ്പെട്ട് അധ്വാനിച്ചിട്ടാണ്. എന്റെ അമ്മയൊരു സിംഗിൾ ഇൻഡിപെൻഡന്റ് മദറാണ്. അവരെന്നെ പഠിപ്പിച്ചു, ഒരു കരിയർ ഉണ്ടാക്കി തന്നു, അതിൽ കൂടുതൽ എന്താണ് ഒരു അമ്മയിൽ നിന്നും ഞാൻ ചോദിക്കേണ്ടത്. അതിനപ്പുറം അതെന്റെ ജീവിതമാണ്.”

ഒളിയമ്പുകള്‍ ആയിരുന്നു ഐശ്വര്യയുടെ ആദ്യ മലയാള സിനിമ. ജാക്ക്‌പോട്ട്, ബട്ടര്‍ഫ്‌ളൈസ്, നരസിംഹം, സത്യമേവ ജയതേ, ഷാര്‍ജ ടു ഷാര്‍ജ, പ്രജ, നോട്ട്ബുക്ക് തുടങ്ങി നിരവധി മലയാളം ചിത്രങ്ങളിൽ ഐശ്വര്യ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം ഐശ്വര്യ സജീവമായിരുന്നു. സീരിയല്‍ രംഗത്തും ഐശ്വര്യ സജീവമാണ്. മലയാളം, തെലുങ്ക്, തമിഴ് പരമ്പരകളിലെല്ലാം ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്

You May Also Like

More From Author