മലയാളത്തിന്റെ നടനശോഭയ്‌ക്ക് ഇന്ന് പിറന്നാള്‍. 52ന്റെ നിറവിലും സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ജനമനസിലെ നിറസാന്നിദ്ധ്യമാണ് നടി ശോഭന. പിറന്നാള്‍ ദിനത്തില്‍ ലളിത-പത്മിനി-രാഗിണിമാര്‍ക്കായി ആദരമര്‍പ്പിച്ച് തിരുവനന്തപുരത്ത് പ്രത്യേക കലാവിരുന്നും ശോഭന നടത്തുന്നുണ്ട്.
1970 മാര്‍ച്ച് 21ന് തിരുവനന്തപുരത്ത് ജനിച്ച ശോഭന ചന്ദ്രകുമാര്‍ പിള്ള എന്ന ശോഭന ചെറുപ്രായത്തില്‍ തന്നെ കലാകാരിയായി അരങ്ങേറി. തമിഴില്‍ തുടങ്ങി മലയാളത്തിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും ഇംഗ്ലീഷിലും വരെ നിരവധി സിനിമകളില്‍ അഭിനയിച്ചു. 1984ല്‍ പുറത്തിറങ്ങിയ ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ശോഭനയെ ഒട്ടേറെ നല്ല വേഷങ്ങള്‍ തേടിയെത്തി. രണ്ട് തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ഒരു തവണ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടി.
വിവിധ ഭാഷകളിലായി 14 ഫിലിംഫെയര്‍ പുരസ്‌കാരങ്ങള്‍, പത്മശ്രീ, കേരള സംഗീത നാടക അക്കാദമിയുടെ കലാരത്‌ന പുരസ്‌കാരവും, തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരവും ശോഭനയെ തേടിയെത്തി. നൃത്തത്തിന്റെ ഉപാസകയായ ശോഭന ചെന്നൈയില്‍ കലാര്‍പ്പണ എന്ന വിദ്യാലയവും നടത്തുന്നുണ്ട്.