പതിറ്റാണ്ടുകളോളം സിനിമാ ലോകം വാണ കെപിഎസി ലളിത എന്ന അഭിനയ കുലപതി വിടവാങ്ങുന്നത് അവസാനമഭിനയിച്ച ചിത്രങ്ങൾ തിയറ്ററിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തിലെത്തുന്ന ‘ഭീഷ്മ പർവം’ എന്ന ചിത്രത്തിൽ കാർത്തിയായനിയമ്മ എന്ന കഥാപാത്രത്തെയാണ് കെപിഎസി ലളിത അവതരിപ്പിക്കുന്നത്. നവ്യാ നായർ ചിത്രമായ ഒരുത്തിയും പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ്. ഈ സിനിമയിൽ നവ്യാ നായരുടെ അമ്മ വേഷമാണ് കെപിഎസി ലളിത അവതരിപ്പിച്ചത്.
അസുഖം ബാധിച്ച് അവശനിലയിലായത് മുതൽ മലയാളക്കര മുഴുവൻ ആ മഹാനടിയുടെ തിരിച്ചുവരവിനായുള്ള പ്രാർത്ഥനയിലായിരുന്നു. അഭ്രപാളിയിലേക്ക് മടങ്ങിയെത്തുമെന്ന് തന്നെയുള്ള പ്രതീക്ഷയ്ക്കിടെയാണ് നമ്മെ നടുക്കിക്കൊണ്ട് കെപിഎസി ലളിതയുടെ വിയോഗ വാർത്ത എത്തിയത്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
മഹേശ്വരിയമ്മ എന്നായിരുന്നു കെപിഎസി ലളിതയുടെ യഥാർത്ഥ പേര്. 1970 മുതലാണ് നാടക രംഗത്ത് സജീവമായത്. കെപിഎസിയുടെ നാടകങ്ങളിലൂടെയാണ് കലാരംഗത്ത് സജീവമായത്. ഇതോടെയാണ് കെപിഎസി ലളിത എന്ന പേര് വന്നത്. കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്. 1978ലാണ് അവർ ചലച്ചിത്ര സംവിധായകൻ ഭരതനെ വിവാഹം ചെയ്തത്. രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. അടുത്ത കാലം വരെ ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിരുന്നു.