തന്റെ തനതായ ശൈലി കൊണ്ട് മലയാള സിനിമാപ്രേക്ഷരുടെ മനസ്സിൽ ഇടം നേടിയ അഭിനേതാവായിരുന്നു കോട്ടയത്തെ പ്രദീപ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദന പങ്കുവെക്കുകയാണ് മലയാളം സിനിമ. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, പൃഥ്വിരാജ് തുടങ്ങി നിരവധിപ്പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ നടന്റെ വിയോഗത്തിൽ വേദന പങ്കുവെച്ചെത്തിയത് .’ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ പ്രിയപ്പെട്ട ശ്രീ കോട്ടയം പ്രദീപിന് ആദരാഞ്ജലികൾ’ എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്. കോട്ടയം പ്രദീപിന്റെ മരണത്തില്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ അനുശോചനം അറിയിച്ചിട്ടുണ്ട്
കോട്ടയം പ്രദീപിന്റെ മരണത്തില്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ അനുശോചിച്ചു. സ്വതസിദ്ധമായ ശൈലിയിലൂടെ ചെറുകഥാപാത്രങ്ങളെപ്പോലും ആസ്വാദകമനസ്സില്‍ തിളക്കത്തോടെ കുടിയിരുത്തിയ സവിശേഷ നടനായിരുന്നു കോട്ടയം പ്രദീപ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ഇനിയുമേറെ ഉയരങ്ങളില്‍ എത്തുവാനും വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനും അവസരം ലഭിക്കുന്നതിന് മുമ്പ് കോട്ടയം പ്രദീപ് വിടവാങ്ങിയത് മലയാള സിനിമയുടെ നഷ്ടമാണെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു.