മുംബൈ: നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ വ്യവസായി രാജ് കുന്ദ്രയെ ജൂലായ് 23 വരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. മുംബൈയിലെ കോടതിയാണ് പ്രതിയെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. രാജ് കുന്ദ്രയ്‌ക്കൊപ്പം അറസ്റ്റിലായ റയാന്‍ തോര്‍പ്പിനെയും 23 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രിയാണ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നീലച്ചിത്ര നിര്‍മാണ റാക്കറ്റില്‍ കുന്ദ്രയ്ക്കും ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. കുന്ദ്രയുടെ മൊബൈല്‍ ഫോണുകളും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളും പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.
നീലച്ചിത്ര ബിസിനസ് ഇടപാടുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായും ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നും പോലീസ് അറിയിച്ചു. ഈ വാദങ്ങളെല്ലാം കേട്ട ശേഷമാണ് ജൂലായ് 23 വരെ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുന്നതായി കോടതി ഉത്തരവിട്ടത്.