ജനിച്ചത് ഒരുമിച്ച്, ജീവിക്കുന്നതൊരുമിച്ച്, ഇപ്പോൾ ജീവൻ നൽകുന്നതും ഒരുമിച്ചാക്കാൻ തയ്യാറാവുകയാണ് ലോകത്തിലെ തന്നെ ഏറ്റവും സമാനരായ ഇരട്ടകൾ. ഇൻവിട്രോ ഫെർട്ടിലൈസേഷൻ എന്ന കൃത്രിമ ഗർഭധാരണ രീതിയിലൂടെയാണ് ഇരുവരും ഒരേയാളിൽ നിന്ന് ഒരുമിച്ച് ഗർഭം ധരിക്കാൻ തയ്യാറാവുന്നത്. റിയാലിറ്റി ഷോസിലൂടെ ലോകപ്രശസ്തരായ ഇവർ ഇതേ പരിപാടിയിലൂടെയാണ് പദ്ധതി ലോകത്തെ അറിയിച്ചത്.
ഓസ്‌ട്രേലിയക്കാരായ ലൂസി, അന്ന എന്നീ യുവതികളാണ് കഥയിലെ നായികമാർ. ബെൻ ബേൺ എന്ന യുവാവിനെയാണ് ഇരുവരും പങ്കാളിയായി സ്വീകരിച്ചിരിക്കുന്നത്. 2012 മുതൽ ഡേറ്റ് ചെയ്യുന്ന ഇവരെ ബെൻ പ്രൊപ്പോസ് ചെയ്യുന്നത് റിയാലിറ്റി ഷോയിലൂടെ തന്നെയാണ്, 2019ൽ മൂവരുടെയും ബന്ധത്തിന്റെ പ്രതീകമായി മൂന്ന് ബാൻഡ് വീതമുള്ള മോതിരമാണ് ബെൻ ഇവർക്ക് സമ്മാനിച്ചത്. അതെ വര്ഷം തന്നെ ഒരുമിച്ച് ഗർഭം ധരിക്കണമെന്ന ആഗ്രഹം ഇവർ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇവരുടെ അമ്മ കഴിവതും അകൃത്രിമമായ രീതിയിൽ തന്നെ ഗർഭം ധരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.
അമ്മയോടൊപ്പം ഒരു വീട്ടിലാണ് ഇവർ മൂന്നുപേരും താമസിക്കുന്നത്. ഇവർക്കായി ഒരുകിംഗ് സൈസ് കട്ടിലും ഒരുക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയൻ നിയമമനുസരിച്ച് ഒരാൾക്ക് രണ്ടുപേരെ വിവാഹം ചെയ്യാനാകാത്തതിനാൽ മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറി അവിടെ വിവാഹം നടത്താമെന്ന ആലോചനയിലാണ് ദമ്പതികൾ. “തങ്ങൾക്ക് എല്ലാ കാര്യത്തിലും ഒരേ അഭിരുചിയാണ്, പങ്കാളിയുടെ കാര്യത്തിലും.. ഞങ്ങളുടെ കുട്ടികളും സദൃശരായിരിക്കണം എന്നാണ് ആഗ്രഹം, അതിനാലാണ് ഈ തീരുമാനം” ലൂസിയും അന്നയും വ്യക്തമാക്കുന്നു.