താനൂരില്‍ സ്വാതന്ത്ര്യദിനത്തില്‍ അനാച്ഛദനം ചെയ്ത ഫ്രീഡം സ്‌ക്വയറിലെ അശോകസ്തംഭം വിവാദത്തെ തുടര്‍ന്ന് നീക്കംചെയ്തു

Estimated read time 1 min read

മലപ്പുറം: താനൂരില്‍ സ്വാതന്ത്ര്യദിനത്തില്‍ അനാച്ഛദനം ചെയ്ത ഫ്രീഡം സ്‌ക്വയറിലെ അശോകസ്തംഭം വിവാദത്തെ തുടര്‍ന്ന് നീക്കംചെയ്തു. ഒന്നര ടണ്‍ ഭാരമുള്ള ഒറ്റക്കല്‍ കൃഷ്ണശിലയില്‍ തീര്‍ത്ത അശോകസ്തംഭമാണ് വിവാദത്തിലായത്. താനൂരിലെ സ്വാതന്ത്ര്യ സമരസേനാനികളെ ആദരിക്കുന്നതിനാണ് താനൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് അശോക സ്തംഭം ഉള്‍പ്പടെയുള്ള ഫ്രീഡം സ്‌ക്വയര്‍ നിര്‍മിച്ചത്. നാല് ലക്ഷം രൂപയായിരുന്നു ഫ്രീഡം സ്‌ക്വയറിന്റെ നിര്‍മാണച്ചെലവ്.

താനൂര്‍ നഗര സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായാണ് എം.എല്‍.എയുടെ പ്രത്യേക താല്‍പ്പര്യപ്രകാരം താനൂരില്‍ ഫ്രീഡം സ്‌ക്വയര്‍ സ്ഥാപിച്ചത്. അനാച്ഛദന ചടങ്ങില്‍ തിരൂര്‍ തഹസില്‍ദാര്‍, നഗരസഭ അധികൃതര്‍, പി.ഡബ്ല്യൂ.ഡി. ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തിരുന്നു. എന്നാല്‍ ഉദ്ഘാടനത്തിന് പിന്നാലെ ദേശീയചിഹ്നമായ അശോകസ്തംഭം ഇത്തരത്തില്‍ പൊതുസ്ഥലത്ത് സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന ആരോപണമുയര്‍ന്നു. 2005-ലെ രാഷ്ട്രചിഹ്ന ദുരുപയോഗ നിരോധന നിയമപ്രകാരം ഇത് കുറ്റകരമാണെന്നും വിവിധ കോണുകളില്‍നിന്ന് ആക്ഷേപമുയര്‍ന്നു. സംഭവം വിവാദമായതോടെ തിങ്കളാഴ്ച അശോകസ്തംഭം ചാക്കിട്ടുമൂടുകയായിരുന്നു.

You May Also Like

More From Author