കർണാടകയിലെ കോളാര്‍ ഗോള്‍ഡ് ഫീല്ഡ്സ് (കെജിഎഫ്) പശ്ചാത്തലമാക്കി നിർമ്മിക്കപ്പെട്ട ചിത്രമായിരുന്നു പ്രശാന്ത് നീലിന്റെ കെജിഎഫ്. ഇന്ത്യൻ തിയേറ്ററുകളെ ഇളക്കിമറിച്ചു കൊണ്ടാണ് കെജിഎഫിന്റെ രണ്ടാം ഭാഗം റിലീസിനെത്തിയത്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും വമ്പൻ ഹിറ്റുകളിലൊന്നായി മാറുകയായിരുന്നു കെജിഎഫ് 2.
ഇപ്പോൾ കെജിഎഫ് പശ്ചാത്തലമാവുന്ന മറ്റൊരു ചിത്രം ഒരുങ്ങുകയാണ്. തമിഴ് സൂപ്പർ താരം വിക്രമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കബാലി, കാലാ അടക്കമുള്ള മെഗാ ഹിറ്റ് തമിഴ് ചിത്രങ്ങൾ സംവിധാനം ചെയ്ത പാ രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിയാൻ 61 എന്ന് തൽക്കാലം പേരിട്ടിരിക്കുന്ന ചിത്രം വിക്രത്തിന്റെ കരിയറിലെ 61-ാം ചിത്രമാണ്.
യാഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കെജിഎഫിൽ നിന്ന് തീർത്തും വ്യത്യസ്തമായിരിക്കും വിക്രത്തിന്റെ ചിത്രം. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന പത്തൊൻപതാം നൂറ്റാണ്ടിൽ കോളാര്‍ ഗോള്‍ഡ് ഫീല്ഡ്സിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഒരു പീരീഡ് ആക്ഷൻ സിനിമയായാണ് ചിത്രം നിർമ്മിക്കപ്പെടുന്നത്.