കോട്ടയം: മുതിർന്ന കോൺഗ്രസ് നേതാവ് പിടി തോമസ് (70)എംഎൽഎ അന്തരിച്ചു. അർബുദ ബാധിതനായി വെല്ലൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കെ പി സി സി യുടെ വർക്കിങ് പ്രസിഡന്റും, 2016 മുതൽ തൃക്കാക്കരയിൽ നിന്നുള്ള നിയമസഭാംഗവും 2009-2014 ലോക്സഭയിൽ അംഗവുമായിരുന്നു പി.ടി തോമസ്.
കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു വഴിയാണ് പൊതുരംഗത്ത് എത്തുന്നത്.വിദ്യാർത്ഥി ആയിരുന്നപ്പോൾ തന്നെ കെ.എസ്.യുവിന്റെ സജീവ പ്രവർത്തകനായിരുന്നു തോമസ്. കെ.എസ്.യുവിന്റെ യൂണിറ്റ് വൈസ് പ്രസിഡൻറ്, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡൻറ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
1980 മുതൽ കെ.പി.സി.സി, എ.ഐ.സി.സി അംഗമാണ്. 1991, 2001 നിയമസഭ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ നിന്നും 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ നിന്നും നിയമസഭാംഗമായി. 1996-ലും 2006-ലും തൊടുപുഴയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പി.ജെ. ജോസഫിനോട് പരാജയപ്പെട്ടു