മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ നിത്യാ ദാസ് (Nithya Das) വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു. ‘പള്ളിമണി’ (Pallimani) എന്ന ചിത്രത്തിലാണ് നിത്യാ ദാസ് അഭിനയിക്കുന്നത്. നിത്യാ ദാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘പള്ളിമണി’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്ററും നിത്യാ ദാസ് പങ്കുവെച്ചു.
സൈക്കോ ഹൊറര്‍ വിഭാഗത്തിലുള്ളതാണ് ‘പള്ളിമണി’. അനില്‍ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിയൻ ചിത്രശ്രാലയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സജീഷ് താമരശേരിയാണ് ചിത്രത്തിന്റെ ആര്‍ട് ഡയറക്ടര്‍. ശ്വേതാ മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ പറക്കുംതളികയെന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് നിത്യാ ദാസ്. നരിമാൻ, ഹൃദയത്തില്‍ സൂക്ഷിക്കാൻ, ചൂണ്ട, സൂര്യ കിരീടം തുടങ്ങിയവയില്‍ അഭിനയിച്ചു. അരവിന്ദ് സിംഗുമായുള്ള വിവാഹത്തിന് ശേഷമാണ് അഭിനയത്തില്‍ നിന്ന് വിട്ടുനിന്നത്. ഇപോള്‍ സാമൂഹ്യമാധ്യമത്തില്‍ സജീവമായ നിത്യാ ദാസ് മികച്ച മടങ്ങി വരവിനാണ് തയ്യാറെടുക്കുന്നത്.
ഭയം പെയ്തിറങ്ങുന്ന ഒരു രാത്രിയില്‍ തീര്‍ത്തും അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോകുന്ന ദമ്പതികളുടെയും അവരുടെ മക്കളുടെയും അതിജീവനത്തിന്റെ കഥ പറയുന്ന ‘പള്ളിമണി’യില്‍ കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.