കോഴിക്കോട്: മഴക്കാലത്ത് നഗരത്തിലുണ്ടാവുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാന്‍ കോര്പ്പറേഷന്. ഇതിനായി സമഗ്ര പഠനം നടത്തി വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് സി. ഡബ്ല്യു.ആര്.ഡി.എമ്മിനെ ചുമതലപ്പെടുത്തി. ഇന്നലെ മേയറുടെ ചേംബറില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
നഗരത്തിലെ മഴക്കാല വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി വിവിധ വകുപ്പുകള്‍ ഏകോപിച്ച് വിപുലമായ പദ്ധതി കോര്പ്പറേഷന് നടപ്പാക്കി വരികയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്. ‘മിഷന് ബ്രഹ്മപുത്ര’ പദ്ധതി ഈ മഴക്കാലത്തും തുടരും. കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ കീഴിലായി കിടക്കുന്ന പദ്ധതികള്‍ ഏകോപിപ്പിച്ച് നടത്തിയാല്‍ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുമെന്ന് യോഗം വിലയിരുത്തി. കല്ലായ് പുഴ, ചാലിയാര്‍, പൂനൂര് പുഴ, കനോലി കനാല്‍, കോട്ടൂളി തണ്ണീര്‍ത്തടം തുടങ്ങിയവയ്ക്കായി ഇറിഗേഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടും സി. ഡബ്ല്യു. ആര്.ഡി.എം നേരത്തെ നടത്തിയ വിശദമായ പഠനങ്ങളും മുന്‍നിര്‍ത്തി തയ്യാറാക്കുന്ന മാസ്റ്റര്‍ പ്ലാന്‍ നിലവില്‍ വരുന്നതോടെ ഡ്രെയിനേജ് നിര്‍മ്മാണമുള്‍പ്പെടെ നടത്താന്‍ കഴിയുമെന്ന് യോഗം വിലയിരുത്തി.
യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍.സി.പി.മുസാഫര്‍ അഹമ്മദ്, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്മാന് ഡോ.എസ്.ജയശ്രീ, മരാമത്ത് സ്ഥിരം സമിതി ചെയര്മാന് പി.സി.രാജന്, നഗരാസൂത്രണ സ്ഥിരം സമിതി ചെയര്മാന് കൃഷ്ണകുമാരി, കോര്പ്പറേഷന് അഡീഷണല്‍ സെക്രട്ടറി എസ്.എസ് .സജി, എന്‍ജിനിയര്‍മാരായ കെ.പി രമേഷ്, കെ.വി ഉദയന്‍, ഡോ.ഹരികുമാര്‍, ഡോ.ദൃശ്യ.ടി.കെ (സി.ഡബ്ല്യുആര്‍.ഡി.എം), മുന്‍ എം.എല്‍.എ .എ. പ്രദീപ് കുമാര്‍ എന്നിവരും പങ്കെടുത്തു.