ക്ഷേത്രവും പരിസരവും അടച്ചതോടെ മഞ്ജുളാലിനു ചുവട്ടിൽ വിവാഹം നടത്തി. കാവീട് താഴിശേരി വീട്ടിൽ സനോജ് എറണാകുളം കാക്കനാട് വാഴക്കാല സ്വദേശിനി ശാലിനിയുടെ കഴുത്തിലാണ് താലി ചാർത്തിയത്.ലോക്ഡൗണിന്റെ പ്രത്യേക സാഹചര്യത്തിലാണ് ഇന്നലെ വിവാഹം നടത്തിയത്. 10 പേരാണു പങ്കെടുത്തത്.
ഭക്തയും ക്ഷേത്രം ഴകക്കാരിയുമായിരുന്ന മഞ്ജുള പണ്ട് മാലയുമായി എത്തിയപ്പോൾ ക്ഷേത്രം അടച്ചിരുന്നുവെന്നും മഞ്ജുളയുടെ വേദന കണ്ട ഭക്ത കവി പൂന്താനം മാല ആലിനു ചുവട്ടിൽ ചാർത്തി തൊഴുതു പോകാൻ പറയുകയും ചെയ്തുവെന്നാണു സങ്കൽപം. പിറ്റേ ദിവസം നട തുറന്നപ്പോൾ നിർമാല്യം എടുത്തു മാറ്റിയിട്ടും ഒരു മാല വിഗ്രഹത്തിൽ ബാക്കിയായെന്നും അതു മഞ്ജുളയുടെ മാലയാണെന്നുമാണു വിശ്വാസം.
ഇന്നലെ നടക്കേണ്ടിയിരുന്ന 97 വിവാഹങ്ങളടക്കം 16 വരെ 237 വിവാഹങ്ങൾ ബുക് ചെയ്തിരുന്നു. ലോക് ഡൗൺ വന്നതോടെ ഇതിൽ 24 വിവാഹങ്ങൾ ദേവസ്വം അനുമതിയോടെ വെള്ളിയാഴ്ച തന്നെ നടത്തി. വിവാഹം നേരത്തെ നടത്തുന്നതു അപൂർവമാണ്. ലോക്ഡൗണിന്റെ ആദ്യദിനം തന്നെ ക്ഷേത്രത്തിലേക്കുള്ള 4 നടകളും അടച്ചു കെട്ടി പ്രവേശനം വിലക്കിയിട്ടുണ്ട്.