ഒരു വടക്കൻ വീരഗാഥ വീണ്ടും വെള്ളിത്തിരയിലേക്ക്; മമ്മൂട്ടി- എം ടി- ഹരിഹരൻ ക്ലാസിക്കിന്റെ റീ റിലീസ് ഫെബ്രുവരി ഏഴിന്

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025 , ഫെബ്രുവരി ഏഴിനാണ് ചിത്രം റീ റിലീസായി തിയേറ്ററുകളിലെത്തുന്നത്. ഈ കഴിഞ്ഞ ഡിസംബറിൽ അന്തരിച്ച സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്കുള്ള ആദരം കൂടിയായാണ് ചിത്രം റീറിലീസ് ചെയ്യുന്നത് എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

4k ദൃശ്യമികവിലും ഡോള്‍ബി അറ്റ്‌മോസ് ശബ്ദഭംഗിയിലുമാണ് ചിത്രത്തിന്റെ പുതിയ പതിപ്പ് റിലീസ് ചെയ്യാൻ പോകുന്നത്. എസ് ക്യൂബ് ഫിലിംസാണ് പുത്തന്‍ സാങ്കേതികവിദ്യകള്‍ ചേര്‍ത്തൊരുക്കി ചിത്രത്തിന്റെ ഈ പുത്തൻ പതിപ്പ് എത്തിക്കുന്നത്. മാറ്റിനി നൗ ടീം ആണ് ഇതിനു നേതൃത്വം നൽകുന്നത്. 1989ല്‍ ആദ്യമായി തിയേറ്ററുകളിലെത്തിയപ്പോള്‍ മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രം മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‍കാരവും നേടിക്കൊടുത്തു.

ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി വി ഗംഗാധരന്‍ നിർമ്മിച്ച ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപി, മാധവി, ബാലന്‍ കെ നായര്‍, ക്യാപ്റ്റന്‍ രാജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അന്തരിച്ചു പോയ പ്രശസ്ത ഛായാഗ്രാഹകൻ കെ രാമചന്ദ്രന്‍ ബാബു ഛായാഗ്രാഹണം നിര്‍വഹിച്ച ചിത്രത്തിനായി സംഗീതമൊരുക്കിയത് ബോംബെ രവിയും എഡിറ്റിംഗ് നിർവഹിച്ചത് എം എസ് മണിയായിരുന്നു.

മികച്ച തിരക്കഥ, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച വസ്ത്രാലങ്കാരം എന്നീ മേഖലകളിലും ദേശീയ അവാർഡ് നേടിയ ഈ ചിത്രം എട്ട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും നേടിയെടുത്തു. 1989 ൽ ചിത്രം കേരളത്തിൽ വിതരണം ചെയ്തത് കല്പക ഫിലിംസ് ആയിരുന്നു. അന്തരിച്ചു പോയ പി വി ഗംഗാധരന്റെ മക്കളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവരാണ് ഇപ്പോൾ ചിത്രം തീയേറ്ററുകളിലെത്തിക്കുന്ന എസ് ക്യൂബ് ഫിലിംസിനു നേതൃത്വം നൽകുന്നത്. പി.ആർ.ഓ: ഐശ്വര്യരാജ്

You May Also Like

More From Author

+ There are no comments

Add yours