സീൻ മാറ്റുന്ന മഞ്ഞുമ്മൽ ബോയ്സ്; ഒരു മലയാള സിനിമ തമിഴ്നാട് ബോക്സ് ഓഫീസിൽ ഒന്നാമതെത്തിയ കാഴ്ച

റിലീസിന് മുൻപ് സുഷിൻ ശ്യാം പറഞ്ഞ വാക്കുകൾ സത്യമാകുന്ന കാഴ്ചയാണ് ഇപ്പോൾ മഞ്ഞുമ്മൽ ബോയ്സ് സമ്മാനിക്കുന്നത്. ഈ ചിത്രം ചിലപ്പോൾ മലയാള സിനിമയുടെ സീൻ മാറ്റിയേക്കാമെന്ന് സുഷിൻ പറയുമ്പോൾ അത് വിശ്വസിച്ചവർ ചുരുക്കം. എന്നാലിപ്പോൾ മലയാള സിനിമയുടെ ചരിത്രത്തിലിടം പിടിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന ഈ ചിദംബരം ചിത്രം. തമിഴ് ചിത്രങ്ങൾ കേരളത്തിൽ വന്ന് കോടികൾ കൊയ്യുന്ന കാഴ്ചകൾ നമ്മൾ ഏറെ കണ്ടിട്ടുണ്ട്. എന്നാലിപ്പോഴിതാ ഒരു മലയാള സിനിമ തമിഴ്നാട് ബോക്സ് ഓഫീസിൽ ഒന്നാമതെത്തിയ കാഴ്ചയാണ് മഞ്ഞുമ്മൽ ബോയ്സ് manjummel-boys കാണിച്ചു തരുന്നത്. തമിഴ്നാട് നിന്ന് ഏറ്റവും കൂടുതൽ ഗ്രോസ് നേടിയ മലയാള ചിത്രമെന്ന ബഹുമതി വെറും ഒരാഴ്ച കൊണ്ട് സ്വന്തമാക്കിയ മഞ്ഞുമ്മൽ ബോയ്സ് ഇതിനോടകം അവിടെ നിന്ന് 5 കോടിയിലധികം ഗ്രോസ് നേടിക്കഴിഞ്ഞു.

തമിഴ്‌നാട്ടിൽ മാത്രം ദിവസം 800 ലധികം ഷോസ് കളിക്കുന്ന മഞ്ഞുമ്മൽ ബോയ്സ് കൂടുതൽ സ്‌ക്രീനുകളിലേക്കും കൂട്ടിച്ചേർക്കുകയാണ്. ആദ്യ വീക്കെൻഡ് കഴിഞ്ഞപ്പോൾ തന്നെ നൂറിലധികം സ്‌ക്രീനുകളാണ് തമിഴ്നാട് ഈ ചിത്രത്തിനായി കൂട്ടിച്ചേർത്തത്. തമിഴ്‌നാട്ടിലെ വമ്പൻ തീയേറ്ററുകൾ മുതൽ, ബി ക്ലാസ് തീയേറ്ററുകളിൽ വരെ മഞ്ഞുമ്മൽ ബോയ്സ് നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിക്കുന്നത്. തമിഴ്നാട് നിന്ന് ആദ്യമായി 5 കോടി ഗ്രോസ് നേടിയ മലയാള ചിത്രമായി മഞ്ഞുമ്മൽ ബോയ്സ് അവിടെ നിന്ന് ഫൈനൽ റണ്ണിൽ 20 മുതൽ 25 കോടി വരെ നേടാമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പ്രവചിക്കുന്നത്. ഇതിനോടകം 65 കോടിയോളം ആഗോള ഗ്രോസ് നേടിയ ഈ ചിത്രം ഈ വീക്കെൻഡ് കഴിയുന്നതോടെ 75 കോടിയും പിന്നിടും. പുലി മുരുകൻ, ലൂസിഫർ, 2018 എന്നീ ചിത്രങ്ങൾക്ക് ശേഷം 100 കോടി ആഗോള ഗ്രോസ് നേടുന്ന മലയാള ചിത്രമായി മഞ്ഞുമ്മൽ ബോയ്സ് മാറുമെന്നും ഏകദേശം ഉറപ്പായിക്കഴിഞ്ഞു.