സൗജന്യ വയോജന പരിചരണ കോഴ്സുമായി ഫെഡറൽ ബാങ്ക്

Estimated read time 0 min read

കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ ഫെഡറല്‍ സ്‌കില്‍ അക്കാഡമി സൗജന്യ വയോജന പരിചരണ (ജെറിയാട്രിക് കെയര്‍ അസിസ്റ്റന്റ്) കോഴ്‌സ് തുടങ്ങി. വയോജനങ്ങളുടെ ശുശ്രൂഷയ്ക്ക് പരിചരണ നൈപുണ്യമുള്ളവരുടെ വലിയ അഭാവമുണ്ട്. ഇതു നികത്താന്‍ ലക്ഷ്യമിട്ടാണ് നാലു മാസം ദൈര്‍ഘ്യമുള്ള സൗജന്യ കോഴ്‌സിന് തുടക്കമിട്ടത്. ആദ്യ ബാച്ചില്‍ 20 പേര്‍ക്കാണ് പ്രവേശനം നല്‍കിയത്. പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് കോഴസില്‍ പ്രവേശനം നല്‍കുന്നതാണ്.

വീടുകള്‍, ആശുപത്രികള്‍, വൃദ്ധ സദനങ്ങള്‍, കമ്യൂണിറ്റി സെന്ററുകള്‍ എന്നിവിടങ്ങളില്‍ വയോജനങ്ങള്‍ക്ക് നല്‍കേണ്ട പരിചരണങ്ങളില്‍ പരിശീലനം നല്‍കുന്നതാണ് ഈ കോഴ്‌സ്. കാന്‍കെയര്‍ സീനിയര്‍ കെയര്‍ സെന്റര്‍ ആണ് കോഴ്‌സ് രൂപകല്‍പ്പന ചെയ്തത്. കോഴ്‌സിന്റെ ഭാഗമായി വയോജന പരിചരണ കേന്ദ്രങ്ങളില്‍ നേരിട്ടുള്ള പരിശീലനവും നല്‍കും. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലി കണ്ടെത്താനുള്ള സഹായവും നല്‍കും.

കൊച്ചിയിലെ ഫെഡറല്‍ സ്‌കില്‍ അക്കാഡമിയില്‍ നടന്ന ഓറിയന്റേഷന്‍ പരിപാടിയില്‍ ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും ഗിരിനഗര്‍ ബ്രാഞ്ച് ഹെഡുമായ ശ്രീപ്രിയ ബാലചന്ദ്രന്‍ കോഴ്‌സ് ഉദ്ഘാടനം ചെയ്തു. സിഎസ്ആര്‍ വിഭാഗത്തിലെ പ്രവീണ്‍ കെ. എല്‍, സിഎസ്ആര്‍ മാനേജര്‍ മെലിൻഡ പി ഫ്രാന്‍സിസ്, ഫെഡറല്‍ സ്‌കില്‍ അക്കാഡമി സെന്റര്‍ ഹെഡ് ജയന്തി കൃഷ്ണചന്ദ്രന്‍ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

More From Author