ദത്ത് വിവാദം: മാധ്യമപ്രവര്‍ത്തനത്തിൽ മാതൃകയായി ഏഷ്യാനെറ്റ് ന്യൂസ്

Estimated read time 1 min read

മാധ്യമപ്രവര്‍ത്തനം ഒരു വ്യവസായം മാത്രമല്ല, സാമൂഹ്യനീതി ഉറപ്പ് വരുത്തുന്നതിനുള്ള ഉപാധി കൂടിയാണെന്ന് നമുക്ക് വീണ്ടും ബോധ്യപ്പെടുത്തിത്തന്ന വിഷയമാണ് കുഞ്ഞിനെ തേടി നടന്ന അനുപമയുടെ കഥ. ഒരു വര്‍ഷം നീണ്ട പോരാട്ടത്തിന് ശേഷം സ്വന്തം കുഞ്ഞിനെ തിരിച്ചു കിട്ടുമ്പോള്‍ അനുപമ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രത്യേകം നന്ദി പറഞ്ഞത് യാദൃശ്ചികമല്ല. അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ അനുവാദമില്ലാതെ ഏല്‍പ്പിക്കുകയും ആ കുഞ്ഞിനെ മറ്റൊരു സംസ്ഥാനത്തെ ദമ്പതികള്‍ക്ക്ദത്ത് നല്‍കിയതുമെല്ലാം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ഈ മാധ്യമമാണ്.

അനുപമയുടെ വെളിപ്പെടുത്തലുകള്‍ ആരേയും അമ്പരപ്പിക്കുന്നതായിരുന്നു. അനുപമയുടെ മുത്തച്ഛന്‍ പേരൂര്‍ക്കട സദാശിവന്‍ ഒരു കാലത്ത് തിരുവനന്തപുരത്തെ സി.പി.എമ്മിന്റെ സമുന്നതനായ നേതാവ് ആയിരുന്നു. അത് കൊണ്ട് തന്നെ ഈ വിഷയങ്ങൾ വല്ലാതെ ഉയർന്നു വന്നില്ല,  തുടര്‍ന്നുള്ള ദിവസങ്ങളില്‍ പല വട്ടം ഏഷ്യാനെറ്റ് ന്യൂസ് ഈ വിഷയം സജീവമായി ചര്‍ച്ചാ വിഷയമാക്കിയപ്പോഴാണ് മറ്റ് ചാനലുകളും ഇതേ വിഷയം ഏറ്റുപിടിച്ചത്. അങ്ങനെ അനുപമയുടെ വേദന കേരളത്തിന്റെ വേദനയാകാന്‍ ദിവസങ്ങള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. പക്ഷെ ചാനല്‍ ചര്‍ച്ചയില്‍ വന്ന് ഇടതുപക്ഷ സഹയാത്രികര്‍ പലരും അനുപമയേയും കുഞ്ഞിന്റെ അച്ഛന്‍ അജിത്തിനേയും രൂക്ഷമായി വിമര്‍ശിച്ചപ്പോഴെല്ലാം ജനം അവരെ തള്ളിക്കളയുകയാണ് ചെയ്തത്.

തിരുവനന്തപുരം വഞ്ചിയൂര്‍ കുടുംബ കോടതിയില്‍ നിന്ന് ചുവന്ന ഷാളില്‍ പൊതിഞ്ഞ് ആ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് അനുപമ, അജിത്തിന്റെ കുടക്കീഴില്‍ നടന്നുവരുന്ന ആ കാഴ്ച ഒരിക്കലും മായില്ല. അത് നേരിട്ട് കണ്ടവരുടെ മാത്രമല്ല, ദൃശ്യമാധ്യമങ്ങളില്‍ നോക്കിയിരുന്നവരുടെയും കണ്ണുകള്‍ ഈറനണിയിച്ചിരിക്കും.തീര്‍ച്ചയായും അത് ഏഷ്യാനെറ്റ് ന്യൂസിന്റെ വിജയം തന്നെ. ആദ്യത്തെ സ്വകാര്യ ചാനലായി ഏഷ്യാനെറ്റ് ആരംഭിക്കുമ്പോള്‍, സ്ഥാപകര്‍ തുടങ്ങി വെച്ച പാരമ്പര്യം ഇന്നും കാത്തു സൂക്ഷിക്കുന്നു. ശശികുമാറും ബി.ആര്‍.പി ഭാസ്‌ക്കറും സക്കറിയയും കെ.ജയച്ചന്ദ്രനും എല്ലാം സ്വപ്‌നം കണ്ടിരുന്ന, ജനങ്ങള്‍ക്ക് വേണ്ടിയുള്ള മാധ്യമം എന്ന മഹത്തായ സങ്കല്‍പ്പം ഏഷ്യാനെറ്റ് ന്യൂസ് ഓരോ ചുവട് വെപ്പിലും പിന്തുടരുന്നത് ഏറെ പ്രതീക്ഷ നൽകുന്നു.

 

You May Also Like

More From Author