ഒരു വടക്കൻ വീരഗാഥാ റീ റിലീസ് ട്രൈലെർ ലോഞ്ച് മോഹൻലാൽ നിർവഹിച്ചു

Estimated read time 1 min read

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി എന്നിവർ ചേർന്ന് ട്രൈലെർ ലോഞ്ച് ചെയ്തു. ചിത്രത്തിൽ അഭിനയിച്ച വിനീത് കുമാർ, ജോമോൾ, രാമു എന്നിവർ സന്നിഹിതരായിരുന്നു. അന്തരിച്ച നിർമാതാവ് പി വി ഗംഗാധരന്റെ മക്കളായ ഷെനുഗ ജയതിലക്, ഷെർഗ സന്ദീപ് എന്നിവരുടെ സാന്നിധ്യവുമുണ്ടായിരുന്നു.

മാതൃഭൂമി’ ഡയറക്ടറും ചലച്ചിത്ര നിര്‍മാതാവുമായിരുന്ന പി.വി. ഗംഗാധരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്കും ഹരിഹരനും മമ്മൂട്ടിക്കുമൊപ്പം ചേര്‍ന്ന് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിലൂടെ മലയാളത്തിനു സമ്മാനിച്ച മികവുറ്റ സിനിമകളിലൊന്നാണ് ‘ഒരു വടക്കന്‍വീരഗാഥ’. പുതിയ കാലത്തിന്റെ ദൃശ്യ-ശബ്ദ സാധ്യതകള്‍ പ്രയോജനപ്പെടുത്തി
ചിത്രം ഒരിക്കല്‍ക്കൂടി പ്രേക്ഷകരിലെത്തിക്കണമെന്നത് പി.വി. ഗംഗാധരന്റെ ആഗ്രഹമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഷെറിനും മക്കളും എസ്.ക്യൂബ് ഫിലിംസ് സാരഥികളുമായ ഷെനൂഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവരും പറയുന്നു.

1989ല്‍ ആദ്യമായി തിയേറ്ററുകളിലെത്തിയപ്പോള്‍ വലിയ വിജയമായിരുന്നു സിനിമ സ്വന്തമാക്കിയത്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപി, മാധവി, ബാലന്‍ കെ നായര്‍, ക്യാപ്റ്റന്‍ രാജു എന്നിവരയായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. കെ രാമചന്ദ്രന്‍ ബാബു ഛായാഗ്രാഹണം നിര്‍വഹിച്ച ചിത്രത്തിനായി ബോംബെ രവി സംഗീതമൊരുക്കി. എം എസ് മണിയായിരുന്നു എഡിറ്റിങ്.
സംസ്ഥാന – ദേശീയ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രം കൂടിയായിരുന്നു ഒരു വടക്കന്‍ വീരഗാഥ. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മമ്മൂട്ടി നേടിയപ്പോള്‍ മികച്ച തിരക്കഥ, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച വസ്ത്രാലങ്കാരം എന്നീ മേഖലകളിലും ചിത്രം നേട്ടം സ്വന്തമാക്കി. കൂടാതെ എട്ട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും ചിത്രം നേടിയിട്ടുണ്ട്.
ഫെബ്രുവരി ഏഴിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. അന്തരിച്ച സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്കുള്ള ആദരം കൂടിയായാണ് ചിത്രം റീറിലീസ് ചെയ്യുന്നത്.

You May Also Like

More From Author

+ There are no comments

Add yours