‘ആവേശം’ സംവിധായകനൊപ്പം മോഹൻലാൽ ?

Estimated read time 0 min read

ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായ രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകൻ ജിത്തു മാധവന്റെ പുതിയ ചിത്രത്തിൽ നായകനാവാൻ മോഹൻലാൽ എന്ന് വാർത്തകൾ. ജിത്തു മോഹൻലാലിനോട് ഒരു കഥ പറഞ്ഞു എന്നും മോഹൻലാൽ അതിൽ താല്പര്യം പ്രകടിപ്പിച്ചു എന്നുമാണ് വാർത്തകൾ വരുന്നത്.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ റിലീസിന് ശേഷം ആയിരിക്കും ജിത്തു മാധവൻ ചിത്രത്തിന്റെ ഫൈനൽ തിരക്കഥ അദ്ദേഹം കേൾക്കുന്നത് എന്നും ചിത്രത്തിന്റെ പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നുമാണ് സൂചന. അടുത്ത വർഷം ഷൂട്ടിംഗ് പ്ലാൻ ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആയിരിക്കുമെന്നും വാർത്തകളുണ്ട്.

ഒരു മാസ്സ് കൊമേർഷ്യൽ എന്റെർറ്റൈനെർ ചിത്രമായിരിക്കും ഇതെന്നാണ് സൂചന. ഇപ്പോൾ മമ്മൂട്ടി അഭിനയിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിലെ അതിഥി വേഷം ചെയ്യാൻ ശ്രീലങ്കയിലാണ് മോഹൻലാൽ. ശ്രീലങ്കയിലെ ഷൂട്ടിന് ശേഷം അദ്ദേഹം പൃഥ്വിരാജ് ഒരുക്കുന്ന എമ്പുരാൻ പൂർത്തിയാക്കും. അതിനു ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവത്തിലാണ് മോഹൻലാൽ ജോയിൻ ചെയ്യുക.

സത്യൻ അന്തിക്കാട് ചിത്രത്തിന് ശേഷം കൃഷാന്ത്‌, ബ്ലെസി, അമൽ നീരദ്, അൻവർ റഷീദ്, ടി കെ രാജീവ് കുമാർ, പ്രിയദർശൻ, നിർമ്മൽ സഹദേവ്, ജീത്തു ജോസഫ് തുടങ്ങിയവരുടെ ചിത്രങ്ങളിൽ മോഹൻലാൽ പ്രത്യക്ഷപ്പെട്ടേക്കാം. തരുൺ മൂർത്തി ഒരുക്കിയ മോഹൻലാൽ ചിത്രമായ ‘തുടരും” ജനുവരിയിലും, മോഹൻലാൽ സംവിധാനം ചെയ്ത ബറോസ് ക്രിസ്മസിനും റിലീസ് ചെയ്യും.

You May Also Like

More From Author