മെഗാ മാസ്സ് മാർക്കോ ഒരുങ്ങുന്നു;കെജി എഫ്, സലാർ സംഗീത സംവിധായകനൊപ്പം ഉണ്ണി മുകുന്ദൻ

Estimated read time 1 min read

മലയാളത്തിന്റെ യുവതാരം ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് മാർക്കോ. ദി ഗ്രേറ്റ് ഫാദർ, മിഖായേൽ, രാമചന്ദ്ര ബോസ് ആൻഡ് കോ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹനീഫ് അദനി സംവിധാനം ചെയ്യുന്ന ഈ ചിത്രം, മുപ്പത് കോടി ബഡ്ജറ്റിൽ മെഗാ മാസ്സ് ചിത്രമായാണ് ഒരുക്കാൻ പോകുന്നത്.

ഹനീഫ് അദേനി സംവിധാനം ചെയ്ത് 2019-ൽ പുറത്തിറങ്ങിയ മിഖായേൽ എന്ന ചിത്രത്തിലെ, ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രമായിരുന്നു മാർക്കോ ജൂനിയർ. നായകനെക്കാൾ കൂടുതൽ പ്രേക്ഷകർ വില്ലനെ ആഘോഷിച്ച ഒരു ചിത്രം കൂടിയായിരുന്നു മിഖായേൽ. ആ കഥാപാത്രത്തിന്റെ അച്ഛൻ കഥാപാത്രത്തിന്റെ കഥയാണ് മാർക്കോ എന്ന ഈ പുതിയ ചിത്രം പറയുന്നതെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. അതിനൊപ്പം തന്നെ പ്രേക്ഷകരുടെ ആവേശം വർധിപ്പിച്ചു കൊണ്ട്, ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ ആരാണെന്നും ഇപ്പോൾ ഒഫീഷ്യലായി തന്നെ പുറത്ത് വിട്ടിരിക്കുകയാണ്.

കെ ജി എഫ് സീരിസ്, സലാർ എന്നീ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രങ്ങളുടെ സംഗീത സംവിധായകനായ രവി ബസ്‌റൂർ ആണ് മാർക്കോക്ക് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുക.

മൂന്നു വർഷം മുൻപ് റിലീസ് ചെയ്ത മഡ്‌ഡി എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച രവി ബസ്‌റൂർ, പൃഥ്വിരാജ് നായകനായ കാളിയൻ എന്ന ചിത്രവും കമ്മിറ്റ് ചെയ്തതെങ്കിലും, ആ ചിത്രം വൈകുന്നത് മൂലം അദ്ദേഹത്തിന്റെ മലയാളത്തിലെ രണ്ടാം വരവ് മാർക്കോ വഴിയായി മാറുകയാണ്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ഷരീഫ് മുഹമ്മദ്, അബ്ദുൾ​ ​ഗദാഫ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്സും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്ന് തീയേറ്ററുകളിലെത്തിക്കാൻ പോകുന്ന മാർക്കോ മലയാളം കൂടാതെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും റിലീസ് ചെയ്യും.

You May Also Like

More From Author