മലയാള സിനിമയിൽ സെക്സ് റാക്കറ്റ് അടക്കം പല നിയമവിരുദ്ധ പ്രവർത്തനങ്ങളും സജീവം ; ജീവഭയമുള്ളതുകൊണ്ടാണ് മിണ്ടാതിരിക്കുന്നതെന്ന് പാർവതി തിരുവോത്ത്

Estimated read time 0 min read

മലയാള സിനിമയിൽ സെക്സ് റാക്കറ്റും മറ്റ് നിയമ വിരുദ്ധ പരിപാടികളും സജീവമാണെന്ന് നടി പാർവതി തിരുവോത്ത്. ഇതിനെല്ലാം ഒത്താശ ചെയ്തു കൊടുക്കുന്ന സംഘം മലയാള സിനിമാ വ്യവസായത്തിൽ സജീവമാണെന്നും അവർ റിപ്പോർട്ടർ ടിവിയിലെ ചർച്ചയിൽ വെളിപ്പെടുത്തി. സെക്‌സ് റാക്കറ്റിനെ കുറിച്ച് മിണ്ടാതിരിക്കുന്നത് ജീവഭയം ഉള്ളതു കൊണ്ടെന്നും താരം പറയുന്നു. പൾസർ സുനിയുടെ കത്തിൽ പറയുന്ന സിനിമയിലെ സെക്‌സ് റാക്കറ്റിനെ കുറിച്ചുള്ള ചോദ്യത്തോടാണ് പാർവതി പ്രതികരിച്ചത്.

പാർവതിയുടെ വാക്കുകൾ ഇങ്ങനെ

ഞാനടക്കം പലരും മിണ്ടാതിരിക്കുന്നത് ജീവഭയം ഉള്ളതു കൊണ്ടാണ്. വീടിന്റെ വഴി ചോദിച്ച് വിളിക്കുക, അല്ലെങ്കിൽ ഇതൊന്നും നല്ലതിനല്ല എന്ന ഭീഷണി കോളുകളും കാര്യങ്ങളും തങ്ങൾക്കും കിട്ടുന്നുണ്ട്. സെക്‌സ് റാക്കറ്റ് അടക്കം സുഗമമായി നടത്തി കൊടുക്കുന്ന ഒരു സ്ട്രക്ചർ ഇൻഡസ്ട്രിയിൽ ഉണ്ട്. സൂപ്പർ താരങ്ങൾ ഇതിനെതിരെ ശബ്ദിക്കാത്തത് എന്തുകൊണ്ടാണ്?.

അടിസ്ഥാനപരമായി ജോലി ചെയ്യുക, പോവുക എന്നത് ഇവിടെ അനുവദനീയമായിട്ടുള്ള കാര്യമല്ല. സെക്‌സ് റാക്കറ്റ് അടക്കം സുഗമമാക്കി കൊടുക്കുന്ന സ്ട്രക്ചർ ഇൻഡസ്ട്രിക്ക് അകത്തുണ്ട്. അതിനെ കുറിച്ച് വളരെ വ്യക്തമായി ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തങ്ങൾ പറഞ്ഞിട്ടുണ്ട്. ഇൻഡസ്ട്രിയിൽ സെക്‌സ് റാക്കറ്റ് ഉണ്ടെന്ന് പറയുന്നതിൽ ഒരിക്കലും താൻ അതിശയപ്പെടുന്നില്ല.

ഇങ്ങനെയൊരു കാര്യം ഉണ്ടെന്ന് താൻ പറയുന്നത്, നിർമ്മാതാക്കൾ ആണെങ്കിലും, സംവിധായകൻ ആണെങ്കിലും, പ്രൊഡക്ഷൻ കൺട്രോളർമാർ ആണെങ്കിലും, എക്‌സിക്യൂട്ടേർസ് ആണെങ്കിലും കോംപ്രമൈസ് ചെയ്യൂ, ഒറ്റക്ക് പോയി മീറ്റ് ചെയ്താൽ മതി കൂടെയാരും വേണ്ട എന്നു പറയും. ഇങ്ങനെ പറഞ്ഞുള്ള ഫോൺ കോളുകളും കാര്യങ്ങളും തന്റെ നിരവധി സുഹൃത്തുക്കൾക്ക്, നടിമാര് മാത്രമല്ല, ഇൻഡസ്ട്രിയിൽ ഏത് ഡിപ്പാർട്‌മെന്റിലെ സ്ത്രീ ആയാലും അവർക്ക് അങ്ങനത്തെ അനുഭവം ഉണ്ടായിട്ടുണ്ട്. തനിക്ക് അടക്കം. ഇതിന്റെ എല്ലാ ഡീറ്റെയ്ൽസും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.

അമ്മ എന്ന പേര് ഞാൻ വീണ്ടും വീണ്ടും നിഷേധിക്കും. അത് എഎംഎംഎ ആണ്. അവിടെ സ്ത്രീകൾക്ക് സ്ഥാനം നൽകുന്നു എന്നത് എന്തോ ചാരിറ്റി നൽകുന്നു എന്ന പോലെ 17 അംഗ കമ്മിറ്റിയിൽ നാല് പേര് ചേർക്കുക. അതിൽ തന്നെ ഒരു തെരഞ്ഞെടുപ്പോ പിന്തുണയോ ഉണ്ടാകരുത് എന്നവർ ഉറപ്പ് വരുത്തും. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ കൈപൊക്കിയിട്ട് വോട്ട് പാസാക്കുന്ന പോലെയുള്ള പ്രവണതയാണ് അവിടെ. അല്ലാതെ കൃത്യമായ ഒരു തെരഞ്ഞെടുപ്പ് ഒന്നും ഒരിക്കലും അവിടെ നടക്കുന്നില്ല. ഞാൻ അവിടെ ഉള്ള സമയത്ത് ഒരിക്കലും അവിടെ അങ്ങനെ ഉണ്ടായിട്ടില്ല. എഎംഎംഎയെക്കുറിച്ച് പറയുന്നതിൽ കാര്യമില്ല. അതിജീവിച്ചയാളെ പിന്തുണയ്ക്കുന്നു എന്ന് റൂമിന് അകത്ത് പറയുകയും പുറത്ത് ഇറങ്ങിയാൽ നിശബ്ദത പാലിക്കുകയും ചെയ്യുന്നവരാണ് അവർ.

എനിക്ക് എതിരെ കോടതിയിൽ ഒരു കേസ് നടക്കുന്നുണ്ട്. അതിനാൽ തന്നെ എനിക്ക് പല കാര്യങ്ങളും തുറന്നു പറയാൻ സാധിക്കാത്ത അവസ്ഥയാണ്. നമ്മുടെ വായ മൂടുക എന്നത് വലിയ ഒരു പ്രവണത തന്നെയാണ്. എല്ലാവർക്കും അവരുടേതായ അവകാശങ്ങളുണ്ട്. പ്രതികരിക്കുക, നീതിയ്ക്ക് വേണ്ടി സംസാരിക്കുക എന്നീ കാര്യങ്ങൾക്ക് പോലും അവകാശം ഇല്ലാത്ത അവസ്ഥയാണ് ഇപ്പോൾ നടക്കുന്നത്. അതിൽ എനിക്ക് വലിയ സങ്കടമുണ്ടെന്നും ഇവർ പറഞ്ഞു

You May Also Like

More From Author