വാക്കുകളിൽ ഒതുക്കാനാകാത്ത നഷ്‌ടം : മോഹൻലാൽ

Estimated read time 1 min read

നഷ്‌ടം എന്ന വാക്കിൽ ഒതുങ്ങില്ല നെടുമുടി വേണു എന്ന ജ്യേഷ്‌ഠസഹോദരന്റെ അപ്രതീക്ഷിതവിയോഗം. രോഗവിവരങ്ങളൊക്കെ തമ്മിൽ കാണുമ്പോൾ സംസാരിക്കാറുണ്ടായിരുന്നു. ഇത്രവേഗം  മരണം കവരുമെന്ന്‌ ഒരിക്കലും കരുതിയില്ല. ‘തിരനോട്ടം’ എന്ന ആദ്യ സിനിമക്കാലംമുതൽ അദ്ദേഹവുമായി പരിചയമുണ്ട്‌. മഞ്ഞിൽ വിരിഞ്ഞ പൂക്കൾമുതൽ ഒന്നിച്ച്‌ അഭിനയിക്കാൻ തുടങ്ങി. ഏറ്റവും ഒടുവിൽ പൂർത്തിയായ ചിത്രം ‘ആറാട്ടി’ൽവരെ ഒന്നിച്ചുണ്ടായി. ആറാട്ടിന്റെ സെറ്റിൽ എത്തുമ്പോൾ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. പിന്നെ ഞങ്ങളുടെയൊക്കെ ഒപ്പം  കൂടാനുള്ള ആഗ്രഹംകൊണ്ട്‌  വന്നു. കലാമണ്ഡലം ഗോപിയാശാന്റെ ഒപ്പമുള്ള സമയമൊക്കെ നന്നായി ആസ്വദിച്ചു. പതിവുപോലെ ഒരുപാട്‌ നേരംപോക്കുകളും തമാശയുമൊക്കെ പങ്കിട്ടാണ്‌ പിരിഞ്ഞത്‌.

ഒരുപാട്‌ നല്ല ചിത്രങ്ങളിൽ ഒന്നിച്ച്‌ അഭിനയിക്കാൻ കഴിഞ്ഞത്‌ മഹാഭാഗ്യമായി കരുതുന്നു. താളവട്ടവും ഹിസ്‌ ഹൈനസ്‌ അബ്‌ദുള്ളയും ഭരതവും തന്മാത്രയുംമുതൽ കുഞ്ഞാലിമരക്കാർവരെയുള്ള ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ വേഷവും അഭിനയവുമൊക്കെ  എടുത്തുപറയേണ്ടതാണ്‌. ഒരുപാട്‌ ഷോകളിലും ഒന്നിച്ചു. സഹപ്രവർത്തകൻ എന്നതിനെക്കാൾ ജ്യേഷ്‌ഠസഹോദരൻ എന്നനിലയിലാണ്‌ കണ്ടിരുന്നത്‌. അദ്ദേഹത്തിന്റെ മക്കളും കുടുംബവുമായെല്ലാം അതേബന്ധമാണുള്ളത്‌. വേണുച്ചേട്ടന്റെ വിവാഹത്തിനും മക്കളുടെ വിവാഹത്തിനും  പോയിട്ടുണ്ട്‌. വേണുച്ചേട്ടന്റെ അമ്മ എനിക്ക്‌ വളരെ പ്രിയപ്പെട്ടതായിരുന്നു.

ഒരുപാട്‌ ‘സ്വപ്‌നം’ കാണുന്നയാളായിരുന്നു. വിശേഷപ്പെട്ട സ്വപ്‌നങ്ങൾ കണ്ടാൽ എന്നെ വിളിക്കും. അതിന്റെ തമാശകളാകും സംസാരിക്കുക. ഇന്നലെയും സ്വപ്‌നത്തിൽ കണ്ടു എന്നൊക്കെയായിരിക്കും ചിലപ്പോൾ പറയുക. ഞങ്ങൾക്കിടയിലെ ബന്ധം അത്രയും ഊഷ്‌മളമായിരുന്നു. വിയോഗംമൂലം ഉണ്ടാകുന്ന നഷ്‌ടം ചെറുതല്ല. മലയാളസിനിമയ്‌ക്കും വ്യക്തിപരമായി എനിക്കും അതു നികത്താനാകാത്തതാണ്‌.

You May Also Like

More From Author