ന്യൂഡല്‍ഹി: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ പുഴുവുള്ള ഭക്ഷണം നല്കിയ സംഭവത്തില്‍ ഭക്ഷണവിതരണ ചുമതലയുള്ള ഐ.ആര്.സി.ടി.സിക്ക് 10 ലക്ഷം രൂപയും വിതരണത്തിന് കരാറെടുത്ത കൃഷ്ണ എന്റപ്രൈസസിന് 50 ലക്ഷം രൂപയും പിഴ ചുമത്തി റെയിൽവേ. കൃഷ്ണ എന്റർപ്രൈസസിന്റെ കരാർ റദ്ദാക്കുകയും ചെയ്തു. പട്ന-ടാറ്റാനഗർ വന്ദേഭാരത് എക്സ്പ്രസിൽ ഗുണനിലവാരമില്ലാത്ത ഭക്ഷണം വിളമ്പിയെന്ന പരാതിയെ തുടർന്നാണ് നടപടി. മാർച്ച് 15ന് ഈ വണ്ടിയിൽ യാത്ര ചെയ്തവർക്ക് നൽകിയ ഭക്ഷണത്തിൽ നിന്നും പുഴുക്കളും കാലാവധി കഴിഞ്ഞ തൈരും നൽകിയത് സംബന്ധിച്ച് റെയിൽവേക്ക് പരാതി ലഭിക്കുകയായിരുന്നു. യാത്രക്കാരുടെ സുരക്ഷക്കും ഭക്ഷണ ഗുണനിലവാരത്തിനുമാണ് മുൻഗണന നൽകുന്നതെന്ന് നടപടി വ്യക്തമാക്കിക്കൊണ്ട് റെയിൽവേ അറിയിച്ചു.




