ചട്ടമ്പിസ്വാമികളുടെ ആസ്ഥാനം കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ സന്ദർശിച്ചു

തിരുവനന്തപുരം: ചട്ടമ്പിസ്വാമികളുടെ കണ്ണന്മൂലയിലെ ജന്മസ്ഥാന ക്ഷേത്രത്തിൽ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ദർശനം നടത്തി. എൻ.എസ്.എസ് വൈസ് പ്രസിഡൻ്റും താലൂക്ക് യൂണിയൻ പ്രസിഡൻ്റുമായ സംഗീത്കുമാറിൻ്റെ നേതൃത്വത്തിൽ സ്ഥാനാർത്ഥിയെ സ്വീകരിച്ചു.

ചട്ടമ്പിസ്വാമി തിരുവടികളുടെ ജീവചരിത്രവും സന്യാസ പരിവർത്തനവും യൂണിയൻ ഭാരവാഹികളിൽ നിന്ന് അദ്ദേഹം ചോദിച്ചറിഞ്ഞു. അദ്വൈത ചിന്താ പദ്ധതി, കേരളത്തിലെ ദേശനാമങ്ങൾ, ആദിഭാഷ, അദ്വൈതവരം, മോക്ഷപ്രദീപ ഖണ്ഡനം തുടങ്ങിയ ചട്ടമ്പിസ്വാമികളുടെ കൃതികളെകുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു.

ചട്ടമ്പി സ്വാമി പഠന കേന്ദ്രവും സന്ദർശിച്ചു. സെക്രട്ടറി ബിജു വി. നായർ, വൈസ് പ്രസിഡൻ്റ് കാർത്തികേയൻ നായർ, കൺവീനർ കെ.ആർ. വിജയകുമാർ തുടങ്ങിയവരും സന്നിഹിതരായിരുന്നു