തരംഗമായി കാന്താര, ബോക്‌സ് ഓഫിസിൽ തേരോട്ടം; 400 കോടിയിലേക്ക്

തരംഗമായി കാന്താര, ബോക്‌സ് ഓഫിസിൽ തേരോട്ടം; 400 കോടിയിലേക്ക്

റിഷഭ് ഷെട്ടിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കാന്താര രാജ്യമൊട്ടാകെയുള്ള പ്രേക്ഷക- നിരൂപക പ്രശംസകൾ പിടിച്ചുപറ്റി മുന്നേറുകയാണ്. ഇന്ത്യൻ സിനിമാ ലോകത്തെ പ്രമുഖ താരങ്ങളടക്കം നിരവധി പേർ ‘കാന്താര’യെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു.

ബോക്‌സ് ഓഫിസിൽ വലിയ നേട്ടം കൊയ്‌തുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ പുതിയ ബോക്‌സ് ഓഫിസ് കണക്കുകൾ കന്നഡ സിനിമാ ലോകത്തിന് അഭിമാനമായി മാറിയിരിക്കുകയാണ്. ഇന്ത്യയിൽ ഏകദേശം 328 കോടി രൂപയും വിദേശത്ത് 30 കോടിയും നേടി ആഗോളതലത്തിൽ 360 കോടിയോളം കലക്റ്റ് ചെയ്തുവെന്നാണ് കണക്കുകൾ പറയുന്നത്.

ഹിന്ദി, തെലുങ്ക്, തമിഴ്,  ഭാഷകളിൽ മൊഴി മാറ്റി കാന്താര പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. വിവിധ ഭാഷകളിലെ ഹിന്ദി പതിപ്പ് മികച്ച പ്രതികരണം നേടുന്നുവെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കെജിഎഫ്’ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മിച്ച ചിത്രം സെപ്റ്റംബര്‍ 30നാണ് തിയറ്ററുകളിൽ എത്തിയത്. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ കഥ നടക്കുന്നത് കുന്താപുരയിലാണ്.

സപ്‍തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.