ഇ-വീല്‍ചെയറില്‍ ഇനി ഇവര്‍ സഞ്ചരിക്കും; സഹയാത്രയ്ക്ക് സ്‌നേഹസ്പര്‍ശമായി മണപ്പുറത്തിന്റെ സമ്മാനം

Estimated read time 1 min read

കൊച്ചി: മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്ന ജനിതക രോഗം കാരണം നടക്കാനോ പുറത്തിറങ്ങാനോ കഴിയാതെ പ്രയാസം നേരിടുന്ന 50 പേര്‍ക്ക് മണപ്പുറം ഫൗണ്ടേഷന്‍ ഇലക്ട്രിക് വീല്‍ചെയറുകള്‍ വിതരണം ചെയ്തു. മസ്‌കുലര്‍ ഡിസ്‌ട്രോഫി രോഗ ബാധിതര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ മൈന്‍ഡ് ട്രസ്റ്റുമായി സഹകരിച്ചാണ് പദ്ധതി.

സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ‘സഹയാത്രയ്ക്ക് സ്‌നേഹസ്പര്‍ശമായ്’ എന്ന മെഗാ പരിപാടി മസ്‌കുലര്‍ ഡിസ്‌ട്രോഫി രോഗ ബാധിതരുടെ സംഗമ വേദികൂടിയായി. മാന്ത്രികനും ഭിന്നശേഷി അവകാശ പ്രവര്‍ത്തകനുമായ ഗോപിനാഥ് മുതുകാട് സംഗമം ഉദ്ഘാടനം ചെയ്തു. ‘ഓരോ ഇടങ്ങളും ഭിന്നശേഷി സൗഹൃദമാക്കാനുള്ള ശ്രമങ്ങള്‍ സമൂഹത്തില്‍ നിന്ന് തന്നെ ഉയര്‍ന്നു വരേണ്ടതുണ്ട്.

നമുക്ക് ലഭിച്ച സൗഭാഗ്യങ്ങള്‍ നമ്മുടെ കഴിവുകള്‍ കൊണ്ട് നേടിയതല്ല. അതുപോലെതന്നെ ഭിന്നശേഷി ആരുടേയും കുറ്റംകൊണ്ടുമല്ല . അതു തിരിച്ചറിയുമ്പോഴാണ് സഹയാത്ര സാധ്യമാകുന്നത്,’ ഗോപിനാഥ് മുതുക്കാട് പറഞ്ഞു. ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു.

600 അംഗങ്ങളുള്ള മൈന്‍ഡ് ട്രസ്റ്റാണ് അര്‍ഹരായ രോഗികളെ കണ്ടെത്താന്‍ സഹായങ്ങള്‍ നല്‍കിയത്. ഈ ഉദ്യമത്തിന് എല്ലാ പിന്തുണയും നല്‍കിയ മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാറിനെ മൈന്‍ഡ് ട്രസ്റ്റ് ചെയര്‍മാന്‍ കൃഷ്ണകുമാര്‍ കെ കെ പ്രശംസിച്ചു.

ഒന്നര ലക്ഷത്തോളം രൂപ വിലരുന്ന 50 ഇ-വീല്‍ചെറുകളാണ് വിതരണം ചെയ്തത്. പദ്ധതി ചെലവിലേക്കായി 75 ലക്ഷം രൂപ മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാര്‍ മൈന്‍ഡ് ട്രസ്റ്റിനു കൈമാറി. മൈൻഡ് ട്രസ്റ്റ്‌ ചെയർമാൻ കൃഷ്ണകുമാർ.കെ.കെ, മണപ്പുറം ഫിനാന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സുമിത നന്ദന്‍, ലയണ്‍സ് ക്ലബ് ഇന്റര്‍നാഷനല്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുഷമ നന്ദകുമാര്‍, രാഷ്ട്രീയ,കലാ സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ള പ്രമുഖരും പങ്കെടുത്തു.

മൈന്‍ഡ് ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ കൃഷ്ണ കുമാര്‍ പി എസ്, കൈപ്പമംഗലം എംഎല്‍എ ഇ ടി ടൈസണ്‍ മാസ്റ്റര്‍, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ഒറ്റപ്പാലം എംഎല്‍എ കെ പ്രേംകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ഡ് ഡി ദാസ് സ്വാഗതം പറഞ്ഞു.

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മണപ്പുറം ഫൗണ്ടേഷന്‍ വര്‍ഷം തോറും നടത്തി വരാറുള്ള സധൈര്യം 2023 പരിപാടിയോടനുബന്ധിച്ച് വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകള്‍ക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് കര്‍മപഥത്തില്‍ മുന്നേറി മികവ് തെളിയിച്ച മൗത്ത് ആന്റ് ഫൂട്ട് പെയിന്റിങ് ആര്‍ടിസ്റ്റ് ജിലു മാരിയറ്റ് തോമസ്, മികച്ച സിഎഫ്ഒ പുരസ്‌കാരം നേടിയ മണപ്പുറം ഫിനാന്‍സ് സിഎഫ്ഒ ബിന്ദു എ എല്‍, സംസ്ഥാന ഗോള്‍ഡ് മെഡല്‍ ജേതാവായ ശിവപ്രിയ (സ്പോർട്സ് ഐക്കൺ), നൂതനാശയം അവതരിപ്പിച്ച ഭിന്നശേഷിക്കാരന്‍ അജിത്കുമാര്‍ കൃപ എന്നിവരേയും ചടങ്ങില്‍ ആദരിച്ചു.

You May Also Like

More From Author