“സമ്മർദ്ദങ്ങൾക്കിടയിലും മമ്മൂക്ക കൂളാണ്” ‘കടുകണ്ണാവ’ വിശേഷം പങ്കുവെച്ച് സുജിത് വാസുദേവ്

Estimated read time 0 min read

രഞ്ജിത്ത് ബാലകൃഷ്ണൻ മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമായ കടുഗണ്ണാവ ഒരു യാത്രകുറിപ്പിന്റെ ശ്രീലങ്കൻ ലൊക്കേഷൻ അനുഭവം പങ്കുവെച്ച് ഛായാഗ്രഹകൻ സുജിത് വാസുദേവ്. സംഭവബഹുലമായ ദിവസങ്ങളായിരുന്നു ശ്രീലങ്കയിലേതെന്ന് സുജിത് പറയുന്നു.

‘എനിക്ക് ശ്രീലങ്കയിലെ സംഭവബഹുലമായ ഒരു ദിവസമായിരുന്നു അത്. കടുഗണ്ണാവ ദിനങ്ങള്‍. ജോലിയുടെ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും മമ്മൂക്ക വളരെ കൂളാണ്. മമ്മൂക്ക, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് മാധവ് ഇവര്‍ക്കെല്ലാം ഒപ്പമുള്ള ദിനങ്ങൾ രസമായിരുന്നു. ‘ മമ്മൂട്ടി, ശങ്കർ രാമകൃഷ്ണൻ എന്നിവരോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് സുജിത് വാസുദേവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്‌സ് ഒരുക്കുന്ന ആന്തോളജിയിലാണ് രഞ്ജിത്തും മമ്മൂട്ടിയും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായിട്ടുണ്ട്.

‘നിന്റെ ഓർമ്മയ്ക്കായി’ എന്ന ചെറുകഥയുടെ തുടർച്ചയായി എം ടി എഴുതിയ കൃതിയാണ് ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’. പി കെ വേണുഗോപാൽ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുക.

നാല് ദിവസത്തെ ഷൂട്ടിംഗാണ് ശ്രീലങ്കയില്‍ നടന്നത്. അതിനിടെ ശ്രീലങ്കൻ ടൂറിസം മന്ത്രി ഹരിൻ ഫെർണാണ്ടോ, ടൂറിസം വകുപ്പ് അംബാസിഡർ ക്രിക്കറ്റ് താരം സന്നത്ത് ജയസൂര്യ എന്നിവർ മമ്മൂട്ടിയെ സന്ദർശിച്ചത് വലിയ വാർത്തയായിരുന്നു.

വിനീത്, അനുമോൾ, സുമേഷ് മൂർ, സാവിത്രി ശ്രീധരൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുജിത് വാസുദേവ്, പ്രശാന്ത് രവീന്ദ്രൻ എന്നിവർ ചേർന്നാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

You May Also Like

More From Author