നിവിൻ പോളി, ആസിഫ് അലി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മഹാവീര്യർ, മൂന്നാം വാരത്തിലേക്കു കടക്കുമ്പോഴും ഹൗസ്ഫുൾ ഷോകൾ നേടി വലിയ വിജയമാണ് കരസ്ഥമാക്കുന്നത്. തീയേറ്ററുകളിൽ മികച്ച പ്രേക്ഷക പിന്തുണയാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്. ഫാന്റസിയോടൊപ്പം എല്ലാ കാലഘട്ടത്തിനും ഉതകുന്ന രീതിയിലുള്ള ഒരു രാഷ്ട്രീയവും പറയുന്ന ചിത്രം അവരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഇതിൽ ഒളിഞ്ഞിരിക്കുന്ന വ്യത്യസ്ത തലങ്ങളുടെ ഡീക്കോഡിങ് കൂടി സോഷ്യൽ മീഡിയ നടത്തിയതോടെ പ്രേക്ഷകർക്ക് ചിത്രം കൂടുതൽ ആസ്വാദ്യകരമായി മാറി.
ക്ലൈമാക്സിൽ പ്രേക്ഷകന് വന്ന ചെറിയൊരു ആശയക്കുഴപ്പം പരിഹരിക്കാൻ, ക്ലൈമാക്സ് ഭാഗത്തിൽ വരുത്തിയ ചെറിയ മാറ്റം കാരണം ഇപ്പോൾ കൂടുതൽ പ്രേക്ഷകരെ ആകർഷിക്കാൻ ഈ ചിത്രത്തിന് സാധിക്കുന്നുണ്ട്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ കയ്യടി നൽകുന്ന ഈ ചിത്രം പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയത്. ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്ത ഈ ചിത്രം പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.