എഴുപത്തി മൂന്നാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ രാജ്യം

ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ ബലിക്കഴിച്ചവരെ സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ 73 ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രത്തിനായി ജീവന്‍ നല്‍കിയ മഹാത്മാക്കളെ സ്‌മരിക്കുന്നു. ഈ രാജ്യത്തിനായി ലക്ഷക്കണക്കിനാളുകള്‍ ജീവന്‍ നല്‍കി. ആയിരങ്ങളുടെ ത്യാഗത്തിന്‍റെ ഫലമാണ് നമ്മുടെ സ്വാതന്ത്ര്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നതിനൊപ്പം പ്രധാനമന്ത്രി രക്ഷാബന്ധന്‍ ആശംസകളും നേര്‍ന്നു. പ്രളയബാധിതരായ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ഓര്‍ക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.കശ്മീരിലെ സര്‍ക്കാര്‍ തീരുമാനങ്ങളെ രാഷ്ട്രീയവ്യത്യാസങ്ങള്‍ക്ക് ഉപരിയായി ജനങ്ങള്‍ പിന്തുണച്ചു. കശ്മീരിലെ ജനങ്ങളെ ബന്ധിച്ചിരുന്ന ചങ്ങലയാണ് ഇപ്പോള്‍ പൊട്ടിച്ചെറിഞ്ഞിരിക്കുന്നതെന്നും മോഡി വ്യക്തമാക്കി