അച്ഛൻ മകൻ ബന്ധം പറയുന്ന ചിത്രത്തിൽ മോഹൻലാലിന്‍റെ മകനായി എത്തുന്നത് പ്രണവോ?

അച്ഛൻ മകൻ ബന്ധം പറയുന്ന ചിത്രത്തിൽ മോഹൻലാലിന്‍റെ മകനായി എത്തുന്നത് പ്രണവോ?

പ്രണവ് മോഹൻലാൽ മോഹൻലാലിനൊപ്പം

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകെട്ടാണ് പ്രിയൻ-ലാലു കോമ്പോ. മലയാള സിനിമയുടെ മുഖചിത്രമായ പല ചിത്രങ്ങളും ഈ കൂട്ടുകെട്ട് നമുക്ക് സമ്മാനിച്ചിവയാണ്. പ്രിയദർശന്‍റെ നൂറാമത്തെ ചിത്രത്തിൽ മോഹൽലാൽ നായകനായെത്തുന്നു എന്ന വാർത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. ഇരുവരുടെയും ഒന്നിക്കുന്ന അടുത്ത ചിത്രത്തിനായുള്ള ആകാംക്ഷയിലാണ് ആരാധകർ.

ചിത്രത്തിന്‍റെ ഷൂട്ടിങ് 2026 ഡിസംബറിൽ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അച്ഛനും മകനും തമ്മിലുള്ള സ്നേഹ ബന്ധത്തിൽ നിന്നാണ് കഥയെന്നും വൈകാരികവും രസകരവുമായി അത് പ്രേക്ഷരിലേക്കെത്തിക്കാനാണ് ടീം ലക്ഷ്യമിടുന്നതെന്നുമാണ് പുറത്തുവരുന്ന റിപ്പോട്ട്. ചിത്രത്തിൽ മോഹൻലാലിന്‍റെ മകനായി പ്രണവ് മോഹൻലാലാണ് എത്തുന്നത് എന്ന രീതിയിലും വാർത്തകൾ പ്രചരിക്കുന്നുണ്ട്.

നൂറാമത്തെ സിനിമ ഉറപ്പായും മോഹൻലാലിന് ഒപ്പമാണെന്നും അദ്ദേഹത്തിനെ അല്ലാതെ മറ്റാരെയും നായകനായി ചിന്തിക്കാൻ കഴിയില്ലെന്നും പ്രിയദർശൻ മുമ്പ് പറഞ്ഞിരുന്നു. പിന്നീട് ഔഗ്യോഗിക പ്രഖ്യാപനം എത്തി. ‘നൂറാമത്തെ സിനിമ നമ്മൾ ഒരുമിച്ച് ചെയ്യുന്നു. എന്റെ നൂറാമത്തെ സിനിമയായതുകൊണ്ടുള്ള സുഖമല്ല, ആദ്യത്തെ സിനിമയിൽ അഭിനയിച്ച അതേ നായകൻ നൂറാമത്തെ സിനിമയിൽ അഭിനയിക്കുന്നു എന്നുള്ളത് ലോക സിനിമ ചരിത്രത്തിൽ ആദ്യമായിരിക്കും. ഈ റെക്കോർഡ് ഒരുകാലത്തും തിരുത്തിയെഴുതപ്പെടാൻ പോകുന്നില്ല. അങ്ങനെയൊരു റെക്കോർഡോടു കൂടിയാണ് നൂറാമത്തെ സിനിമ ചെയ്യുന്നത്’, ചിത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള വിഡിയോയിൽ പ്രിയദർശൻ പറഞ്ഞു. മോഹൻലാലും പ്രിയദർശനും ആന്റണി പെരുമ്പാവൂരും ബിനു ജോർജ് അലക്‌സാണ്ടറും ഒരുമിച്ചുള്ള വിഡിയോയിലാണ് പ്രഖ്യാപനം.

1984ൽ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തിയാണ് പ്രിയദർശനും മോഹൻലാലും സംവിധായകനും നടനുമായി ആദ്യമായി ഒന്നിച്ച ചിത്രം. അതിന് ശേഷം ഈ കൂട്ടുകെട്ടിൽ 44ലേറെ ചിത്രങ്ങൾ പുറത്തുവന്നു. മരക്കാർ അറബിക്കടലിന്‍റെ സിംഹം ആയിരുന്നു അവസാന ചിത്രം. മളപെയ്യുന്നു മദ്ദളം കൊട്ടുന്നു, ചിത്രം, കിലുക്കം, വന്ദനം, തേൻമാവിൻ കൊമ്പത്ത്, താളവട്ടം, കാലാപാനി, മിഥുനം, ബോയിങ് ബോയിങ്, വെള്ളാനകളുടെ നാട് തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളാണ് ഇവർ മോളിവുഡിന് സമ്മാനിച്ചിട്ടുള്ളത്. ‘ഹൈവാൻ’ എന്ന ഹിന്ദി ചിത്രമാണ് പ്രിയദർശന്‍റെ സംവിധാനത്തിൽ പുതുതായി പുറത്തിറങ്ങാനുള്ളത്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ഒപ്പം എന്ന സിനിമയുടെ ഹിന്ദി റീമേക്ക് ആണ് ഈ ചിത്രം. മോഹൻലാൽ അവതരിപ്പിച്ച അന്ധനായ നായകനായി ഹിന്ദി പതിപ്പിൽ എത്തുന്നത് സെയ്ഫ് അലി ഖാൻ ആണ്. സമുദ്രക്കനി അവതരിപ്പിച്ച വില്ലൻ വേഷം അക്ഷയ് കുമാർ ആണ് ചെയ്യുക. ഒരിടവേളക്ക് ശേഷമാണ് അക്ഷയ് കുമാർ വില്ലൻ വേഷത്തിൽ എത്തുന്നത്. ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്.