രാത്രിയില്‍ അമിതമായി മൂത്രമൊഴിക്കുന്നോ? വൃക്കരോഗമല്ലെന്ന് ഉറപ്പുവരുത്തണം

Estimated read time 1 min read

വൃക്കരോഗ ലക്ഷണങ്ങള്‍

* നീര്- ശരീരത്തിലെ അധികമുള്ള ജലം പുറന്തള്ളി ജലത്തിന്റെ അളവ് നിയന്ത്രിക്കുന്നത് വൃക്കകളാണ്. അതിനാല്‍, വൃക്കരോഗികളില്‍ മുഖം, കൈകാലുകള്‍, വയറ്, ശ്വാസകോശം എന്നിവിടങ്ങളില്‍ വെള്ളം കെട്ടി ദേഹമാസകലം നീര്, വയറുവീര്‍പ്പ്, ശ്വാസതടസ്സം എന്നിവ ഉണ്ടാകാം.

* മൂത്രത്തിലെ വ്യതിയാനങ്ങള്‍- മൂത്രത്തിലെ അമിതമായ പത, രക്തനിറം എന്നിവ വൃക്ക രോഗലക്ഷണങ്ങളാണ്. രാത്രി സമയങ്ങളില്‍ അമിതമായി മൂത്രം പോകുന്നതും വൃക്കകളുടെ പ്രവര്‍ത്തനക്ഷമത കുറവിന്റെ ലക്ഷണമാണ്.

* ശരീരവേദന – വൃക്കരോഗികളില്‍ കാത്സ്യം, ഫോസ്ഫറസ്, യൂറിക് ആസിഡ്, വിറ്റാമിന്‍ ഡി എന്നിവയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ എല്ല്, മാംസപേശി, സന്ധികള്‍ എന്നിവിടങ്ങളില്‍ വേദനയ്ക്ക് കാരണമാകാം. എല്ലുകളുടെ ബലക്കുറവും ഒടിവിനുള്ള സാധ്യതയും വൃക്കരോഗികളില്‍ കൂടുതലാണ്

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കൂടാതെ അമിത രക്തസമ്മര്‍ദ്ദം, രക്തക്കുറവ്, അമിതമായ ക്ഷീണം, ഓര്‍മ്മക്കുറവ്, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദ്ദില്‍, ചൊറിച്ചില്‍ എന്നിവയും വൃക്കരോഗബാധിതരില്‍ ഉണ്ടാകാം.

ആരംഭ രോഗാവസ്ഥയില്‍ കാര്യമായ ലക്ഷണങ്ങള്‍ പ്രകടമല്ലാത്തതിനാല്‍ പകുതിയിലധികം രോഗികളിലും രോഗനിര്‍ണ്ണയം സ്ഥായിയായ വൃക്കപരാജയം സംഭവിച്ചതിനു ശേഷം ആണ് നടക്കുക. അതിനാല്‍, വൃക്കരോഗ സാധ്യത കൂടുതലുള്ള പ്രമേഹരോഗികള്‍, അമിത രക്തസമ്മര്‍ദ്ദമുള്ളവര്‍, പാരമ്പര്യമായ വൃക്കരോഗമുള്ളവര്‍, അമിതവണ്ണം, പുകവലി, മദ്യപാനികള്‍ തുടങ്ങിയവര്‍, ജന്മനാ മൂത്രനാളിക്ക് വൈകല്യമുള്ളവര്‍, വേദനസംഹാരി തുടരെ ഉപയോഗിക്കുന്നവര്‍, മൂത്ര പരിശോധനയും രക്ത പരിശോധനകളും നടത്തി (രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ തന്നെ) രോഗം ആരംഭാവസ്ഥയില്‍ തന്നെ കണ്ടുപിടിച്ച് ചികിത്സ തേടേണ്ടതാണ്.

രോഗനിര്‍ണ്ണയം എങ്ങനെ?

ലളിതമായ മൂത്രപരിശോധനയിലൂടെയും രക്ത പരിശോധനയിലൂടെയും (ബ്ലഡ് യൂറിയ, ക്രിയാറ്റിനിന്‍) വൃക്കരോഗം നിര്‍ണ്ണയിക്കാം. ചില അവസരങ്ങളില്‍ അള്‍ട്രാസൗണ്ട് സ്‌കാന്‍, കിഡ്‌നി ബയോപ്‌സി എന്നിവയും വേണ്ടി വന്നേക്കാം.

ചികിത്സാരീതികള്‍

എഴുപത് ശതമാനം വൃക്കരോഗങ്ങളും ജീവിതശൈലി അസുഖങ്ങളുടെ ഭാഗമാണ്. ആയതിനാല്‍ ശരിയായ ഭക്ഷണക്രമം, ജീവിതചര്യകള്‍, മരുന്നുകള്‍ എന്നിവയിലൂടെ വൃക്കരോഗം നിയന്ത്രിക്കാം. വൃക്കവീക്കം മൂലമുണ്ടാകുന്ന വൃക്കസ്തംഭനം, കിഡ്‌നി ബയോപ്‌സി മുതലായ ടെസ്റ്റുകളിലൂടെ ആരംഭാവസ്ഥയില്‍ തന്നെ കണ്ടെത്തിയാല്‍ പൂര്‍ണ്ണമായി ചികിത്സിച്ച് ഭേദപ്പെടുത്താവുന്നതാണ്. സ്ഥായിയായ വൃക്കസ്തംഭനം സംഭവിച്ചാല്‍ ഡയാലിസിസ്, കിഡ്‌നി ട്രാന്‍സ്പ്ലാന്റ് തുടങ്ങിയവയിലൂടെ സാധാരണ ജീവിതം നയിക്കാം.

You May Also Like

More From Author