“ഞങ്ങൾ അനാഥരാണ്, ഈ സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകുന്നില്ല” രാമസിംഹൻ ചിത്രത്തിന് വേണ്ടി ടിജി മോഹൻദാസ്

Estimated read time 0 min read

രാമസിംഹൻ അബൂബക്കർ ഒരുക്കുന്ന ‘1921 പുഴ മുതൽ പുഴ വരെ’ എന്ന ചിത്രം വലിയ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കുമാണ് വഴിയൊരുക്കിയിരുന്നത്. സ്വാതന്ത്ര്യസമര സേനാനി വാരിയൻകുന്നൻ കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതവും 1921ലെ മലബാർ കലാപവും പ്രമേയമാക്കിയുള്ളതാണ് ചിത്രം.

ചിത്രത്തിന്റെ സെൻസറിങുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും നിലനിൽക്കുന്നുണ്ട്. ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്നും വിഷയത്തിൽ കേന്ദ്രവാര്‍ത്ത വിതരണ മന്ത്രി അനുരാഗ് താക്കൂർ ഇടപെടണമെന്നും ആവശ്യപ്പെടുകയാണ് ആർ എസ് എസ് സൈദ്ധാന്തികൻ ടിജി മോഹൻദാസ്.

“1921ലെ ഹിന്ദു വംശഹത്യ ആധാരമാക്കിയ പുഴ മുതൽ പുഴ വരെ എന്ന മലയാള സിനിമയ്ക്ക് കേന്ദ്ര സെസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു വേണ്ടിയാണ് കേരളത്തിൽ നിന്നുള്ള ഞങ്ങൾ ഈ ട്വീറ്റ് ചെയ്യുന്നത്. ഞങ്ങളുടെ അപേക്ഷകൾ നിരസിക്കപ്പെടുകയാണ്. പാവം നിർമ്മാതാവ് രാമസിംഹൻ ഇപ്പോൾ കേരള ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഞങ്ങൾ അനാഥരാണെന്നത് സങ്കടത്തോടെ ഉൾക്കൊള്ളുന്നു” ടി ജി മോഹൻദാസ് ട്വീറ്റ് ചെയ്തു.

സുപ്രധാന രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് മുറിച്ചു മാറ്റിയതിനെതിരെ സംവിധായകൻ രാമസിംഹൻ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡിന്റെ നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെന്ന് സംവിധായകന്‍ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി.

“പുഴ മുതൽ പുഴ വരെ എന്ന നമ്മുടെ സിനിമയ്ക്ക് എതിരെ സെൻസർ ബോർഡ് കൈകൊണ്ട നടപടിക്കെതിരെ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. അഡ്വ റെജി ജോർജ്, അഡ്വ ബിനോയ് ഡേവിഡ് എന്നിവർ നമുക്ക് വേണ്ടി ഹാജരായി, എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. കേസ് രണ്ടാഴ്ചക്കകം വീണ്ടും പരിഗണിക്കും” സംവിധായകൻ അറിയിച്ചു

ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. സെൻസർ ബൊർഡിന്റെ തീരുമാനത്തിൽ ചില സീനുകൾ കട്ട് ചെയ്തു എന്നും ചരിത്രത്തിലെ ലഹള ചിത്രീകരിക്കുമ്പോൾ അതിൽ അടി പിടിയും രക്തച്ചൊരിച്ചിലും ഉണ്ടാകുമെന്നതിനാലാണ് എ സർട്ടിഫിക്കറ്റ് കിട്ടിയത് എന്നും രാമസിംഹൻ നേരത്തെ പ്രതികരിച്ചിരുന്നു.

You May Also Like

More From Author